കൊച്ചി: സമൂഹമാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും കൂടുതൽ ശക്തിയാർജിക്കുന്ന കാലഘട്ടത്തിൽ അച്ചടി മാദ്ധ്യമങ്ങളുടെ വിശ്വാസ്യത തകരാതെ കാത്തുസൂക്ഷിക്കുന്നതിൽ പത്ര ഏജന്റുമാർ വഹിക്കുന്ന പങ്കു നിസ്തുലമാണെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു.

കേരളകൗമുദിയുടെ 110-ാം വാർഷികത്തിന്റെയും കൊച്ചിയി​ൽ കേരളകൗമുദി​യെത്തി​യതി​ന്റെ 100-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൊച്ചി യൂണിറ്റിലെ മുതിർന്ന ഏജന്റുമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ വസന്തകാലം മുഴുവൻ മഴയും മഞ്ഞും അവഗണി​ച്ച് വാർത്തകൾ വായനക്കാരുടെ കൈയിൽ എത്തിക്കുകയെന്ന മുഖ്യമായ ദൗത്യം നിർവഹിച്ചതിനുള്ള അംഗീകാരമാണീ ആദരവ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കേരളകൗമുദി നൽകിയ സംഭാവനകളും കേരളത്തിന്റെ സാംസ്‌കാരിക മുഖം ഉയർത്തിപ്പിടിച്ചിട്ടുള്ള പങ്കും വളരെ മഹത്തരമാണ്. ജനകീയ വിഷയങ്ങളിൽ കേരളത്തിന്റെ പൊതുവായ സ്വഭാവരൂപീകരണത്തിൽ മൂല്യങ്ങളും ആശയങ്ങളും കൈവിടാതെ 110 വർഷം പിന്നിട്ടു എന്നതു വലിയൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏജന്റുമാരുടെ പങ്ക് വലുത്
പത്രത്തിന്റെ വളർച്ചയിൽ ഏജന്റുമാർക്കുള്ള പങ്ക് വളരെ വലുതാണെന്നും അവ പലപ്പോഴും കാണാതെ പോവുന്ന സാഹചര്യമാണുള്ളതെന്നും ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. ഇവരെ അനുമോദിക്കാൻ കേരളകൗമുദി തയ്യാറായത് സന്തോഷമുള്ളതാണ്. ഏജന്റുമാർ ചെയ്യുന്ന സേവനത്തിന്റെ മൂല്യം കണക്കാക്കാൻ കഴിയില്ല. പത്രപ്രവർത്തകമേഖല ഒട്ടേറെ വെല്ലുവിളി നേരിടുന്ന കാലഘത്തിൽ ഏജന്റുമാരുടെ ഉത്തരവാദിത്വബോധത്തിന്റെ അംഗീകാരമാണിതെന്ന് ആശംസാ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കേരളകൗമുദി മാതൃക: അഡ്വ. വി. സലിം

കേരളസമൂഹം നവോത്ഥാനത്തിന് പോരാടിയ സന്ദർഭത്തിൽ പത്രം നിർവഹിക്കേണ്ട ദൗത്യം എന്താണന്നതിന്റെ ഉത്തമോദാഹരണമാണ് കേരളകൗമുദിയെന്ന് ജി.സി.ഡി.എ. ചെയർമാൻ അഡ്വ. വി. സലിം പറഞ്ഞു. അനാചാരങ്ങളും അടിച്ചമർത്തലുകളും നേരിടുന്ന കാലഘട്ടത്തിൽ സമൂഹത്തിന്റെ പിന്നാക്ക ജനവിഭാഗത്തെ ഉയർത്തുന്നതിനും കേരളകൗമുദി വഹിച്ച പങ്ക് വളരെ വലുതാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം നിലകൊള്ളുമ്പോൾ അതിലേക്ക് ഒരു പങ്ക് അവകാശപ്പെടാവുന്ന മാദ്ധ്യമമാണ് കേരളകൗമുദി. പത്രത്തിൽ എത്ര ചൂടേറിയ വാർത്തയുണ്ടെങ്കിലും അവ വായനക്കാരിലേയ്ക്ക് എത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ഏജന്റുമാർ ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

ആദരവ് സന്തോഷകരം: ഉല്ലാസ് തോമസ്
110 വർഷം പിന്നിടുമ്പോഴും വളരെ മത്സരോത്മുഖമായി മുൻനിര പത്രങ്ങളോടൊപ്പം നിൽക്കാൻ കേരളകൗമുദിയ്ക്ക് കഴിയുന്നത് അതിന്റെ അടിത്തറ ശക്തമായി നിലനിൽക്കുന്നതിനാലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സ്ഥാപനത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടായ ഏജന്റുമാരെ ചടങ്ങിൽ ആദരിക്കുന്നത് സന്തോഷപ്രദമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.