
കൊച്ചി : സിനിമ തുടങ്ങുന്നതിനു തൊട്ടു മുമ്പു നടന്ന ചടങ്ങിൽ സംഗീതജ്ഞനായ ശ്രീവത്സൻ ജെ. മേനോൻ പറഞ്ഞു : കെ.പി. കുമാരൻ എന്ന ചലച്ചിത്രകാരൻ സിനിമ കൊണ്ടെഴുതിയ കവിതയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ. മഹാകവിയുടെ ജീവിതത്തെ കാവ്യാലാപനം പോലെ മനോഹരമായി പറഞ്ഞ സിനിമ കണ്ടൽ ആരും ഇൗ വാക്കുകൾ ശരിവെക്കും. അത്രമേൽ കവിതയുണ്ട് ഇൗ സിനിമയിൽ. ക്ളാസ് മുറികളിൽ പഠിച്ച ആശാൻ കവിതകൾക്ക് മുമ്പെങ്ങുമില്ലാത്ത ഭംഗി ഇൗ ചിത്രത്തിലുണ്ട്. കഥയ്ക്കൊപ്പം സഞ്ചരിക്കുന്ന കവിതപോലെ മഹാകവിയുടെ ജീവിതത്തെ അടയാളപ്പെടുത്താൻ ഗ്രാമവൃക്ഷത്തിലെ കുയിലിനു കഴിഞ്ഞു. കായിക്കരയിൽ നിന്ന് തുടങ്ങിയ കവിയുടെ ജീവതത്തോടു ഭാനുമതിയെ പ്രണയാതുരമായി ചേർത്തു വച്ചതും കരുണയിലും ചണ്ഡാലഭിക്ഷുകിയിലും കവിയുടെ നോവുന്ന മനസിനെ വരച്ചു വച്ചതും ജീവചരിത്ര സിനിമയെന്ന ഡോക്യു - ഫിക്ഷനപ്പുറത്തേക്ക് ഗ്രാമവൃക്ഷത്തിലെ കുയിലിനെ മനോഹരമാക്കി. ഗുരുദേവ ദർശനങ്ങളിൽ ചുവടുറപ്പിച്ച് ശ്രീവത്സൻ.ജെ. മേനോൻ തന്നെയാണ് കുമാരനാശാനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതവും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. കവിയുടെ ഭാര്യ ഭാനുമതിയെ അവതരിപ്പിച്ചത് ഗാർഗി ആനന്ദനാണ്. മാദ്ധ്യമ പ്രവർത്തകനും കഥാകാരനുമായി പ്രമോദ് രാമനാണ് മൂർക്കോത്ത് കുമാരനായി വേഷമിട്ടത്. ഇന്നലെ സവിതയിൽ ചിത്രത്തിന്റെ പ്രദർശനത്തിന് പ്രമോദ് രാമനും ശ്രീവത്സൻ ജെ. മേനോനുമടക്കമുള്ള അണിയറ പ്രവർത്തകർ എത്തിയിരുന്നു. ചലച്ചിത്ര അക്കാഡമിയുടെ ഉപഹാരം ചടങ്ങിൽ ഇവർക്ക് കൈമാറി.