ആലുവ: പൊതുമരാമത്ത് വാട്ടർ അതോറിട്ടി വകുപ്പുകളുടെ ഏകോപനമില്ലായ്മയെ തുടർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ച കീഴ്മാട് സർക്കുലർ റോഡിന്റെ ടാറിംഗ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഇതേ ആവശ്യമുന്നയിച്ച് ത്രിതല തിരഞ്ഞെടുപ്പ് വരെ ബഹിഷ്‌കരിച്ച കീഴ്മാട് സർക്കുലർ റോഡ് സംരക്ഷണ സമിതി ഇന്ന്് കുന്നുംപുറം കവലയിൽ റോഡ് ഉപരോധിക്കും.
പി.ഡബ്യു.ഡി വകുപ്പ് മന്ത്രി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവർക്ക് പലവട്ടം നിവേദനം നൽകിയിട്ടും ഫലമില്ലാതായ പശ്ചാത്തലത്തിലാണ് ഇന്ന് റോഡ് ഉപരോധിക്കുന്നതെന്ന് സംരക്ഷണ സമിതി ചെയർമാൻ ബേബി വർഗ്ഗീസ്, കൺവീനർമാരായ കെ.എസ്. അനസ്, സുനിൽ, പരീത്കുഞ്ഞ് എന്നിവർ അറിയിച്ചു. ജി.ടി.എൻ കവല മുതൽ കുട്ടമശേരി വരെയാണ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തേണ്ടത്. എന്നാൽ വാട്ടർ അതോറിട്ടിക്ക് ഭൂഗർഭ പൈപ്പ് സ്ഥാപിക്കാനുണ്ടെന്ന പേരിൽ അയ്യങ്കുഴി ക്ഷേത്രത്തിന് സമീപം ടാറിംഗ് നിലച്ചിട്ട് നാല് വർഷത്തോളമായി.
ഇതിനിടയിൽ കോടതി ഇടപെടലിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് നിലവിലുണ്ടായിരുന്ന കരാറും സർക്കാർ റദ്ദാക്കി. പകരം കരാർ ഏൽപ്പിക്കുന്നതിന് നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമര സമതി ആരോപിച്ചു. അതേസമയം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന്റെ നേതൃത്വത്തിൽ ഇന്നലെ പി.ഡബ്യു.ഡി എക്‌സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചിരുന്നു.