
ആലുവ: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് മാർച്ച് 11ന് നടക്കേണ്ട ശിവരാത്രി ബലിതർപ്പണ ചടങ്ങുകൾ ഉപേക്ഷിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം. ശിവരാത്രി നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നത് ആഘോഷമല്ലെന്നും ആചാരമാണെന്നുമാണ് വിശ്വാസികളും വിവിധ സംഘടനകളും ചൂണ്ടികാട്ടുന്നത്.
പെരിയാറിന്റെ തീരമായതിനാൽ ബലിതർപ്പണത്തിനെത്തുന്നവരെ കൊവിഡ് മാനദണ്ഡം പാലിച്ച് നിയന്ത്രിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ പൂർണമായി ഉപേക്ഷിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. എന്നാൽ ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറം മഹാദേവ ക്ഷേത്രത്തിനകത്തെ ആചാരങ്ങളെല്ലാം കൊവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് 200 പേരെ വരെ ഒരേ സമയം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. ഇതിനെതിരെയാണ് ഹൈന്ദവ സംഘടനകൾ രംഗത്തുവന്നിട്ടുള്ളത്.
മറ്റ് സംഘടനകളുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും
ശിവരാത്രി ബലിതർപ്പണം ഉപേക്ഷിക്കാനുള്ള ദേവസ്വം ബോർഡിന്റെ ഏകപക്ഷീയ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു. മണപ്പുറത്തെ വ്യാപാരമേളയും ആഘോഷങ്ങളും ഉപേക്ഷിക്കുന്നതിൽ എതിർപ്പില്ല. എന്നാൽ ഇതിന്റെ മറവിൽ വിശ്വാസികളുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുത്. പിതൃബലിയർപ്പിക്കുന്നത് ആഘോഷത്തിന്റെ ഭാഗമല്ല, ആചാരത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോർഡ് തിരിച്ചറിയണം. രാഷ്ട്രീയ പാർട്ടികൾക്ക് യാത്രകളും സമ്മേളനങ്ങളും ചേരാം. ഇവർക്ക് സാമൂഹിക അകലം ബാധകമല്ല. ഇത് വിചിത്രമായ നടപടിയാണ്. ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ മറ്റ് സംഘടനകളുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ആചാരം നിലനിർത്തണം: ക്ഷേത്ര ഉപദേശക സമിതി
കൊവിഡ് പ്രൊട്ടോക്കോൾ പൂർണമായി പാലിച്ച് ബലിതർപ്പണം ഉൾപ്പെടെയുള്ള ശിവരാത്രി ആചാരങ്ങൾ സംഘടിപ്പിക്കണമെന്ന് മണപ്പുറം മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ പറഞ്ഞു. മണപ്പുറത്തെ ശിവരാത്രി വ്യാപാരമേളയും സാംസ്കാരികോത്സവുമെല്ലാം ഉപേക്ഷിക്കട്ടെ. എന്നാൽ പിതൃബലി തർപ്പണം നിഷേധിക്കരുത്. മതിയായ പൊലീസ് സുരക്ഷാ സന്നാഹങ്ങളൊരുക്കി ആചാരം സംഘടിപ്പിക്കണം.
വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റം: ഉളിയന്നൂർ പെരുംതച്ചൻ ക്ഷേത്രസമിതി
ശിവരാത്രി ബലിതർപ്പണ നിരോധനം വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണെന്ന് ഉളിയന്നൂർ പെരുംതച്ചൻ ക്ഷേത്രസമിതി അഭിപ്രായപ്പെട്ടു. ശിവരാത്രിയോടനുബന്ധിച്ച് പ്രിതൃമോക്ഷത്തിനായി ഹൈന്ദവ വിശ്വാസി സമൂഹം ബലിതർപ്പണം നടത്തി പെരിയാറിൽ പിണ്ഡ സമർപ്പണം നടത്തുന്ന ആചാരം കൊവിഡിന്റെ പേരിൽ നിരോധിക്കരുതെന്ന് പെരുംതച്ചൻ കുലദേവതാ ക്ഷേത്ര കാര്യദർശി പ്രദീപ് പെരുംപടന്ന ആവശ്യപ്പെട്ടു.