കൊച്ചി: ഭാരതത്തിന്റെ കടലോര സംസ്ഥാനങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സീമാജാഗരൺ മഞ്ചിന്റെ നേതൃയോഗം കൊച്ചിയിൽ തുടങ്ങി. എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ സീമാജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഹസംയോജകന്മാരായ മുരളീധർ ഭിണ്ഡാ, പ്രദീപൻ എന്നിവർ സംസാരിച്ചു. സമുദ്രഭാരതി, സാഗരഭാരതി, സാഗരപുത്രി സംഘടൻ, മത്സ്യകാർ സംക്ഷേമസമിതി, കരാവലി കല്യാണ പരിഷത്ത്, അഖിലഭാരതീയ മീനവർ പെരവൈ, മത്സ്യപ്രവർത്തക സംഘം എന്നീ സംഘടനകളുടെ സംസ്ഥാന തല നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
രണ്ട് ദിവസത്തെ യോഗത്തിൽ മത്സ്യ തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങളും കടലോരമേഖലയിൽ നിലനിൽക്കുന്ന സുരക്ഷാപ്രശ്‌നങ്ങളും ചർച്ച ചെയ്യും. കടലോരമേഖലയിൽ വളർന്നുവരുന്ന ടൂറിസ്റ്റ് സ്ഥാപനങ്ങൾ ജനവാസകേന്ദ്രങ്ങളിൽ ഉയർത്തുന്ന സാംസ്‌കാരിക, പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യും. മുതിർന്ന ആർഎസ്എസ് നേതാവ് ആർ. ഹരി യോഗത്തിൽ പങ്കെടുക്കും. നേതൃയോഗം ഇന്ന് അവസാനിക്കും.