ramesh
രമേശ്

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് നൽകി ഭിക്ഷാടകന്റെ സത്യസന്ധത

ആലുവ: വഴിയരികിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് ഭിക്ഷാടകന്റെ സത്യസന്ധത. വർഷങ്ങളായി ആലുവ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുത്ത് ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശി രമേശാണ് ദുരിത ജീവിതത്തിനിടയിലും പൊതുസമൂഹത്തിന് മാതൃകയായത്.

സ്ഥലത്തുണ്ടായിരുന്ന ഒരാൾ സംഭവം വിവരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതോടെ രമേശ് താരമായി. നൂറുകണക്കിന് ആളുകളാണ് രമേശിന്റെ ചിത്രം സഹിതമുള്ള കുറിപ്പ് ഷെയർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെ റെയിൽവേ സ്റ്റേഷന് സമീപത്തെ റോയൽ ബേക്കറിക്ക് മുമ്പിലാണ് സംഭവം. പാർക്ക് ചെയ്ത കാറിന് സമീപത്ത് നിന്നും രണ്ട് പവനിലധികം തൂക്കമുള്ള ഒരു സ്വർണ തടവള രമേശിന് ലഭിച്ചു. ഇത് ആരും കണ്ടില്ലെങ്കിലും, വളയെടുത്ത രമേശ് കാറിന്റെ ഗ്ലാസിൽ മുട്ടി അകത്തിരുന്ന സ്ത്രീക്ക് കൈമാറി. കാറിൽ നിന്നിറങ്ങി ബേക്കറിയിലേക്ക് പോയ മറ്റൊരു സ്ത്രീയുടെ കൈയിൽ നിന്നും ഊരി പോയതായിരുന്നു വള.

കാർ അവിടെ നിർത്തിയപ്പോൾ യാത്രക്കാർ രമേശിന് അഞ്ച് രൂപ നൽകിയിരുന്നു. അതുവാങ്ങി തിരികെ പോകുമ്പോഴാണ് സ്വർണവള താഴെ വീണത് അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരു കാലില്ലാത്ത രമേശ് രാത്രിയിൽ ആലുവ റെയിൽവെ സ്റ്റേഷന് സമീപത്തുള്ള എ.ടി.എം കൗണ്ടറിന് സമീപമാണ് രാത്രിയിൽ കിടന്നുറങ്ങുന്നത്.

ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ആളിനോട് രമേശ് നൽകിയ മറുപടി ഇങ്ങനെയാണ്. ' സാറെ, ഞാൻ ഭിക്ഷയെടുത്താണ് ജീവിക്കുന്നത്. എന്നാലും ഇത്തരത്തിലുള്ള മുതലൊന്നും എനിക്ക് വേണ്ട'.