കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.

അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുമായി ചേർന്ന് 400 ട്രോളുകൾ നിർമിക്കാനുള്ള പദ്ധതി സംബന്ധിച്ച ഏകപക്ഷീയമായ തീരുമാനത്തിൽനിന്ന് മന്ത്രാലയം പിന്മാറണം. ഈ മേഖലയിലുള്ളവരുമായി ചർച്ച നടത്താൻ തയ്യാറാകണം. മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കണം. നമ്മുടെ സമുദ്രത്തിൽ കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശകമ്പനികൾ മത്സ്യബന്ധനം നടത്തുന്നതിനെതിരെ എല്ലാരാഷ്ട്രീയ പാർട്ടികളും, മത്സ്യത്തൊഴിലാളികളും ചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാ‌ർ ഇക്കാര്യത്തിൽ തകിടം മറിഞ്ഞ്, വൻകിട കുത്തക കമ്പനികൾക്ക് കേരളതീരം തുറന്നു കൊടുക്കാൻ തീരുമാനിച്ചത് പ്രതിഷേധാർഹമാണ്. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 2019 ലെ മത്സ്യനയത്തിൽ മാറ്റം വരുത്തിയ നിലപാട് ശരിയല്ലെന്നും കെ.എൽ.സി.എ ഭാരവാഹികൾ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു.