കോലഞ്ചേരി: യുവ സിനിമ പ്രവർത്തകർ ഒന്നിക്കുന്ന സിനിമയുടെ സെറ്റ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി. കടമറ്റത്ത് നമ്പ്യാരുപടിക്കടുത്ത് മല മുകളിലായിരുന്നു സെറ്റ്.' മരണ വീട്ടിലെ തൂണ് ' എന്ന സിനിമയ്ക്കു വേണ്ടിയാണ് സെറ്റ് തയ്യാറാക്കിയത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സെറ്റ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു. ജനുവരിയിലാണ് ഇവിടെ സെറ്റിട്ടത്. അതിനു ശേഷം ക്ളൈമാക്സ് അടക്കം പെരുമ്പാവൂരിൽ ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയിരുന്നു. സിനിമയുടെ സ്വാഭാവീകതയ്ക്കായി ഇട്ട 1970 കളിലെ മരണ വീട്ടിലെ സെറ്റ് നിലനിർത്തി ചില രംഗങ്ങൾ കൂടി വീണ്ടും ഷൂട്ട് ചെയ്യാനിരിക്കെയാണ് സംഭവം. പുത്തൻകുരിശ് പൊലീസിൽ പരാതി നല്കി. കേസെടുത്തിട്ടില്ലെന്നും പരാതി അന്വേഷിച്ച് വരികയാണെന്നും പുത്തൻകുരിശ് പൊലീസ് അറിയിച്ചു.