ഏലൂർ: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നടക്കുന്നത് പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. പി.എസ്.സിയെയും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനേയും നോക്കുകുത്തിയാക്കി, യോഗ്യതയുള്ളവരെ തഴഞ്ഞ് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചും ഭരണകക്ഷിയിൽപെട്ടവരെ മാത്രം ഉൾപ്പെടുത്തിയുമാണ് നിയമനങ്ങൾ നടക്കുന്നതെന്നുമാണ് ആരോപണം. പിൻവാതിൽ നിയമനങ്ങളിലെ ലേലം വിളിയും അഴിമതിയും അന്വഷിക്കണമെന്ന് ബി.ജെ.പി ഏലൂർ മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാജഹാൻ എന്നിവർ ആവശ്യപ്പെട്ടു.
ഫിറ്റർ മെക്കാനിക്ക്, ഓപ്പറേറ്റർ, ഹെൽപ്പർ ഇലക്ട്രിക്കൽ , ഹെൽപ്പർ ഫിറ്റർ, എന്നീ തസ്തികകളിലേക്കാണ് ഒരു വർഷം മുമ്പ് അപേക്ഷ ക്ഷണിച്ചത്.
ഫെബ്രുവരി 15 മുതൽ 19 വരെയായിരുന്നു അഭിമുഖം നടന്നത്. ഹെൽപ്പർ ഫിറ്റർ 189, ഹെൽപ്പർ ഇലക്ട്രിക്കൽ 57 , ഫിറ്റർ മെക്കാനിക് 86 ,ഓപ്പറേറ്റർ 84 ' എന്നീ കണക്കിലാണ് അഭിമുഖത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകച്ചത് മുൻകൂട്ടി തയ്യാറാക്കിയ നിയമന പട്ടികയാണെന്നാണ് ആക്ഷേപം.