saritha

കൊച്ചി: കൊച്ചിയുടെ സാമ്പത്തിക, വിനോദസഞ്ചാര, വിനോദമേഖലകൾക്ക് ഉണർവും ഉന്മേഷവും ആത്മവിശ്വാസവും സമ്മാനിച്ചാണ് കേരളത്തിന്റെ 25 ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരശീല വീണത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ വിനോദപരിപാടികൾ സുരക്ഷിതമായി സംഘടിപ്പിക്കാമെന്ന് തെളിഞ്ഞതോടെ ഒരുവർഷമായി മുടങ്ങിക്കിടന്ന മൈസ് ടൂറിസം വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.

സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, വിനോദപരിപാടികൾ തുടങ്ങിയവ ഉൾപ്പെട്ട മൈസ് ടൂറിസത്തിന്റെ ഇന്ത്യയിലെ തന്നെ പ്രധാന കേന്ദ്രമാണ് കൊച്ചി. 3000 പേർക്കുവരെ പങ്കെടുക്കാവുന്ന ദേശീയ, അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് കൊച്ചി വേദിയായിരുന്നു. കൊവിഡ് അവയെല്ലാം മാറ്റിമറിച്ചു. സുരക്ഷിതമായി ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞതോടെ ഇത്തരം പരിപാടികൾ നിയന്ത്രണം പാലിച്ച് നടപ്പാക്കാമെന്ന ആത്മവിശ്വാസം മേഖലയിലുള്ളവർക്ക് ലഭിച്ചു. ചെറിയതോതിലെങ്കിലും വിനോദപരിപാടികൾക്ക് തുടക്കം കുറിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 പണമൊഴുക്കും സഞ്ചാരികൾ

വിനോദ സഞ്ചാരികളെക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നവരാണ് സമ്മേളന സഞ്ചാരികൾ. രണ്ടോ മൂന്നോ ദിവസം നീളുന്ന പ്രൊഫഷണൽ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ സമീപപ്രദേശങ്ങൾ സന്ദർശിക്കുന്നതും പതിവാണ്. ഒരു വിനോദസഞ്ചാരി പ്രതിദിനം 500 ഡോളർ ചെലഴിക്കുമ്പോൾ സമ്മേളന സന്ദർശകർ 1400 മുതൽ 1500 ഡോളർ വരെ ചെലവഴിക്കുമെന്നാണ് കണക്ക്. ഡോക്ടർമാർ, അന്താരാഷ്ട്ര സംഘടനകൾ തുടങ്ങിയവയുടെ സമ്മേളനങ്ങളാണ് നടക്കാറുള്ളത്. ഇത്തരം സമ്മേളനങ്ങൾക്ക് തുടക്കമിടാൻ ചലച്ചിത്രോത്സവം പ്രചോദനമാകും. കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ മേളയായിരുന്നു ചലച്ചിത്രോത്സവം.

കേരളത്തിന്റെ നാല് നഗരങ്ങളിലായാണ് മേള അരങ്ങേറുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും പൂർത്തിയായി. തലശേരി, പാലക്കാട് എന്നിവിടങ്ങളിലാണ് അടുത്ത വേദി. ഇവിടങ്ങളിലും സാമ്പത്തിക ഉണർവിന് വഴിതെളിയുമെന്നാണ് പ്രതീക്ഷകൾ.

തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിൽ പങ്കെടുത്ത ആർക്കും തിയേറ്ററുകളിൽ നിന്ന് കൊവിഡ് പകർന്നതായി റിപ്പോർട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറയുന്നു.

 സാമ്പത്തികമേഖലയ്ക്ക് ഉൗർജം

ചലച്ചിത്രമേള സാമ്പത്തിക പ്രവർത്തനങ്ങളെ സജീവമാക്കിയെന്നതും ഈ രംഗത്തുള്ളവർ നേട്ടമായി എടുത്തുകാട്ടുന്നു. അഞ്ച് ദിവസങ്ങളായി 2500 പ്രതിനിധികളാണ് ആറ് തിയേറ്ററുകളിലായി സിനിമ കാണാൻ എത്തിയത്. ഇവർ ഭക്ഷണത്തിനും അനുബന്ധ കാര്യങ്ങൾക്കുമായി ശരാശരി 1000 രൂപയോളം ഒരു ദിവസം ചെലഴിച്ചതായാണ് കണക്ക്. ഇതുപ്രകാരം മേള ദിവസങ്ങളിൽ കൊച്ചിയുടെ സാമ്പത്തിക മേഖലയിൽ ക്രയവിക്രയം ചെയ്യപ്പെട്ടത് ഒന്നര കോടിയോളം രൂപയാണ്. മാസങ്ങളായി നിർജീവമായിരുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മുതൽ പെട്ടിക്കടകളിലേയ്ക്ക് വരെ പണം വിനിമയം ചെയ്യപ്പെട്ടു. ടാക്‌സി, ഓട്ടോ തുടങ്ങിയ മേഖലകളെയും ചലച്ചിത്രമേള സജീവമാക്കിയെന്ന് തൊഴിലാളികൾ പറയുന്നു.

 5 ദിവസങ്ങളായി 6 തിയേറ്ററുകളിലെത്തിയത് 2500 പ്രതിനിധികൾ

 ഇവർ ഒരുദിനം ചെലവഴിച്ച ശരാശരി തുക 1000 രൂപ

 മേളദിനങ്ങളിൽ കൊച്ചിക്ക് ലഭിച്ചത് 1.5 കോടിയോളം രൂപ