കൊച്ചി: ശാസ്ത്രപുരോഗതിക്കനുസരിച്ച് സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കേരളം മികച്ചനേട്ടം കൈവരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനപ്രതിനിധികളുടേയും സഹകരണവും നിരവധി ആളുകളുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ആരോഗ്യരംഗത്തെ മികവിന് കാരണം. സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കി മാറ്റുകയെന്ന സാഹസികമായ ദൗത്യമാണ് ആർദ്രം മിഷനിലൂടെ ഈ സർക്കാർ ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ കേരളം പൊതുജനാരോഗ്യ മേഖലയിൽ ഏറ്റവുമധികം മുതൽമുടക്കുന്ന സംസ്ഥാനമായി. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗംകൂടി ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജനറൽ ആശുപത്രികളിലൊന്നായി എറണാകുളവും മാറുകയാണ്.
സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ഭാഭാട്രോൺ ടെലികോബോൾട്ട് യൂണിറ്റ്, മൈക്രോ ബയോളജി ലാബ്, കാസ്പ കിയോസ്ക്, നഴ്സിംഗ് വിദ്യാർത്ഥികളുടെ നൈപുണ്യവികസനത്തിന് സ്കിൽലാബ് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനസർക്കാർ കിഫ്ബിയുടെ സഹായത്തോടെ 57.95 കോടി രൂപ ചെലവിലാണ് 7 നിലകളുള്ള സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിച്ചത്. കൊച്ചി റോട്ടറി ക്ലബ്, ഫ്രറ്റേർ മേരി ഫ്രെഡറിക് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെ 1.25 കോടിരൂപ ചെലവിലാണ് ഭാഭാട്രോൺ ടെലികോബോൾട്ട് യൂണിറ്റ് സ്ഥാപിച്ചത്. പൊതുജനാരോഗ്യമേഖലയിലെ സേവനങ്ങളുടെ കാര്യത്തിൽ സർക്കാരിനൊപ്പം ചേർത്തുപറയേണ്ട പേരാണ് റോട്ടറിക്ലബ്ബിന്റേതെന്നും മന്ത്രി പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഡി.എം.ഒ ഡോ.എം.കെ. കുട്ടപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, പി.ടി. തോമസ് എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.എ. അനിത നന്ദിയും പറഞ്ഞു.
57.95 കോടി രൂപ ചെലവിൽ 7 നിലകളിൽ
1.25 കോടിരൂപ ചെലവിൽ ഭാഭാട്രോൺ ടെലികോബോൾട്ട് യൂണിറ്റ്