aluva

ആലുവ: കൊവിഡ് പശ്ചാത്തലത്തിൽ ആലുവ മണപ്പുറത്ത് മാർച്ച് 11ന് നടക്കേണ്ട ശിവരാത്രി ബലിതർപ്പണം ഉപേക്ഷിക്കാനുള്ള തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ബലിതർപ്പണ സൗകര്യവും ഏർപ്പെടുത്തുമെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു 'കേരളകൗമുദി'യോട് പറഞ്ഞു. പെരിയാറിന്റെ തീരമായതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് തിരക്ക് നിയന്ത്രിക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ബലിതർപ്പണം ഉപേക്ഷിക്കാൻ വെള്ളിയാഴ്ച്ച ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. ബോർഡ് പ്രസിഡന്റിന് പുറമെ ബോർഡ് മെമ്പർ പി.എം. തങ്കപ്പനും 'കേരളകൗമുദി'യോട് ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്ച്ച 'മണപ്പുറത്ത് ഇക്കുറി ബലിതർപ്പണമില്ല' എന്ന തലക്കെട്ടിൽ വാർത്തയും നൽകി. ഇതോടെ വിവിധ ഹൈന്ദവ സംഘടകൾ പ്രതിഷേധവുമായെത്തുകയായിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വിശ്വാസികളെ മുന്നണിക്ക് എതിരാക്കുന്നത് ദോഷകരമാണെന്ന് തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വം വിഷയത്തിൽ ഇടപെട്ടു. ജി.സി.ഡി.എ ചെയർമാൻ വി. സലീം ദേവസ്വം പ്രസി‌ഡന്റുമായി സംസാരിച്ചാണ് ബലിതർപ്പണം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താൻ ധാരണയായത്. മുൻകാലങ്ങളിൽ ശിവരാത്രി നാളിൽ ഉറക്കമിളച്ച് രാത്രി 10 മുതലാണ് ബലിതർപ്പണം ആരംഭിക്കുന്നത്. ഇക്കുറി രാവിലെ മുതൽ മാത്രമെ തർപ്പണത്തിന് അനുവദിക്കൂ. 27ന് രാവിലെ 11ന് ആലുവ ബലഭദ്ര ഹാളിൽ വിളിച്ചിട്ടുള്ള വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. റവന്യു, പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ് എന്നീ വിഭാഗങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

ഹിന്ദു ഐക്യവേദിക്ക് പുറമെ മണപ്പുറം ക്ഷേത്ര ഉപദേശക സമിതിയും ഉളിയന്നൂർ പെരുംതച്ചൻ ക്ഷേത്രസമിതിയുമാണ് ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. കോൺഗ്രസും ബി.ജെ.പിയുമെല്ലാം വിഷയം ഏറ്റെടുക്കാൻ തയ്യാറെടുപ്പ് ആരംഭിച്ചതോടെയാണ് ദേവസ്വം ബോർഡ് നിലപാട് മാറ്റിയത്. ശിവരാത്രി നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കുന്നത് ആഘോഷമല്ലെന്നും ആചാരമാണെന്നുമാണ് വിശ്വാസികളും വിവിധ സംഘടനകളും ചൂണ്ടികാട്ടിയത്.

 അദ്വൈതാശ്രമത്തിലും കൊവിഡ് ചട്ടം പാലിച്ച് ശിവരാത്രി ചടങ്ങുകൾ

ആലുവ അദ്വൈതാശ്രമത്തിലും കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ച് ശിവരാത്രി ആഘോഷം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. ആഘോഷങ്ങൾ പൂർണമായി ഒഴിവാക്കും. ഗുരുമണ്ഡപത്തിൽ പ്രത്യേക പൂജകളും ബലിതർപ്പണവും നടക്കും. പുറമെ സർവമത സമ്മേളനവും സംഘടിപ്പിക്കും. മറ്റ് സമ്മേളനങ്ങളെല്ലാം ഒഴിവാക്കും. സർവമത സമ്മേളനത്തിൽ 200 പേർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും സ്വാമി അറിയിച്ചു.