qq

കൊച്ചി: ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് വിദേശകമ്പനിയെ കൂട്ടുപിടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ഗൂഢാലോചന സർക്കാർ അന്വേഷിക്കണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇ.എം.സി.സിയുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഉദ്യോഗസ്ഥതലത്തിൽ കരാറുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ സർക്കാർ അന്വേഷിക്കും.
പ്രതിപക്ഷനേതാവിന്റേത് പിണറായി വിജയൻ സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും ഇകഴ്‌ത്തിക്കാട്ടാനുള്ള ഗൂഢശ്രമമാണ്. സർക്കാരും അമേരിക്കൻ കമ്പനിയും തമ്മിൽ കരാറിൽ ഒപ്പിട്ടെന്ന വ്യാജവാർത്തയാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്.
സെക്രട്ടറി തലത്തിൽ ഉണ്ടാക്കിയ ധാരണാപത്രമാണ് നിലവിലുള്ളത്. സർക്കാർ തലത്തിൽ ഒപ്പിടേണ്ട അന്തിമകരാർ വേണ്ടെന്ന് വയ്ക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്. 27ന് ആഹ്വാനംചെയ്ത ഹർത്താൽ മത്സ്യത്തൊഴിലാളിസമൂഹം പുച്ഛിച്ച് തള്ളുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. ഫെഡറേഷൻ നേതാക്കളായ എച്ച്. ബേസിൽലാൽ, ആന്റണി ഷീലൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.