ആലുവ: ആലുവ - മൂന്നാർ റോഡിൽ പൊലീസ് സ്റ്റേഷൻ മുതൽ എസ്.പി ഓഫീസ് വരെ ആരംഭിച്ചിട്ടുള്ള അശാസ്ത്രീയ നടപ്പാത നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമായി. വാഹന പാർക്കിംഗ് സൗകര്യം പൂർണമായി നിഷേധിക്കുന്ന നിർമ്മാണത്തിനെതിരെ പി.ഡബ്ല്യു.ഡി മന്ത്രിക്ക് നിവേദനം നൽകുമെന്ന് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ് പറഞ്ഞു.
ഒരടിയിലേറെ ഉയരത്തിൽ അഞ്ച് അടി മുതൽ 10 അടി വരെ വീതിയിലാണ് നടപ്പാത നിർമ്മിക്കുന്നത്. പല ഭാഗത്തും റോഡിലെ ടാറിംഗ് ഇളക്കിയാണ് നടപ്പായുടെ വശത്തെ കോൺക്രീറ്റ് കട്ടകൾ സ്ഥാപിക്കുന്നത്.
നിത്യേന നൂറുകണക്കിന് ആളുകളെത്തുന്ന പൊലീസ് സ്റ്റേഷനുകളും കോടതികളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന ഭാഗത്താണ് വാഹന പാർക്കിംഗ് സൗകര്യം പൂർണമായി തടസപ്പെടുത്തി അശാസ്ത്രീയമായ നടപ്പാത നിർമ്മാണം നടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് ഓഫീസ് ഉൾപ്പെടെ ഇതേവകുപ്പിന്റെ നിരവധി ഓഫീസുകൾക്ക് മുമ്പിലാണ് അതിരുവിട്ട നിർമ്മാണം. നിലവിലുള്ള കാനക്ക് മുകളിൽ സ്ളാബ് സ്ഥാപിച്ച് നടപ്പാത ഒരുക്കിയാലും ഇരുചക്ര വാഹനങ്ങളും കാറുകളും വരെ റോഡരികിൽ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ഇതെല്ലാം പൂർണമായി നിഷേധിച്ചാണ് അനാവശ്യനിർമ്മാണം നടക്കുന്നതെന്ന് ആനന്ദ് ജോർജ് ആരോപിച്ചു.
പൊലീസ് സ്റ്റേഷൻ മനോഹരമായ കെട്ടിടത്തിലായെങ്കിലും അവരുടെ നയത്തിൽ മാറ്റമൊന്നുമില്ലെന്നും സാധാരക്കാരൻ വാഹനവുമായി സ്റ്റേഷനകത്തേക്ക് പ്രവേശമുണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു.