കൊച്ചി: പാചക വാതക പെട്രോളിയം ഉത്പന്നവില വർദ്ധനവിനെതിരെ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ഈമാസം 25 ന് ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. കച്ചേരിപ്പടിയിൽ നിന്ന് എം.ജി റോഡിലേക്ക് 100 മീറ്റർ കാൻവാസിലാണ് പ്രതിഷേധം രേഖപ്പെടുത്തുക. കാർട്ടൂണുകൾ വരച്ചും മുദ്രാവാക്യങ്ങളും അഭിപ്രായങ്ങളും എഴുതിയും സ്വന്തം കൈയൊപ്പു ചാർത്തിയും പ്രതിഷേധിക്കാം. സാംസ്‌കാരിക, സാമൂഹിക, സാഹിത്യ, കലാ പ്രവർത്തകരും പരിപാടികളിൽ പങ്കാളികളാകും. രാവിലെ 9 ന് കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. കെ അരവിന്ദാക്ഷൻ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യും. കാർട്ടൂണിസ്റ്റ് ജോഷി ജോർജ് കാൻവാസിൽ ചിത്രരചനയുടെ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കൺവീനർ ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ. ജയിംസ്, മനോജ് പത്മനാഭൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.