
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മൂന്നാംപ്രതിയും അധോലോക കുറ്റവാളിയുമായി രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കുന്നതിന് ക്രൈംബ്രാഞ്ച് തയാറെടുപ്പുകൾ ആരംഭിച്ചു. ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും ചോദ്യം ചെയ്യൽ. പരാതിക്കാരിയെ ടാർജറ്റ് ചെയ്യാനുള്ള ഉദ്ദേശ്യം, വെടിയുതിർക്കാനായി കൈമാറിയ തോക്ക്, കേരളത്തിലെ ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം എന്നീ കാര്യങ്ങളാകും പ്രധാനമായും ആരായുക.
കഴിഞ്ഞ വാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി രവി പൂജാരിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖ തൊട്ടടുത്തദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ എറണാകുളം എ.സി.ജെ.എം കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതി ഇന്ന് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. വാറണ്ട് ലഭിച്ചാൽ ഇന്നുതന്നെ പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് കൈമാറും. തുടർനടപടികൾ വേഗത്തിലാക്കി രവി പൂജാരിയെ എത്രയും വേഗം കൊച്ചിയിൽ എത്തിക്കും.
നടി ലീന മരിയ പോൾ നടത്തുന്ന പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15നാണ് വെടിവെയ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പാർലറിലേക്ക് വെടിവയ്ക്കുകയായിരുന്നു. നാല് ദിവസത്തിന് ശേഷം രവി പൂജാരി തന്റെ അറിവോടെയാണ് ആക്രമണം നടത്തിയതെന്ന് സ്വകാര്യചാനലിലൂടെ വെളിപ്പെടുത്തി. വെടിവയ്പുണ്ടാകുന്നതിന് ഒരുമാസം മുമ്പ് ലീനയോട് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ് നടത്തിയ രണ്ട് യുവാക്കളെയും പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. 2019 ജനുവരി അഞ്ചിന് സെനഗലിലാണ് രവിപൂജാരി പിടിയിലായത്. പിന്നീട് ഇന്ത്യയിലെത്തിച്ച് ബംഗളൂരു പൊലീസിന് കൈമാറി. കൊലപാതകം ഉൾപ്പടെ ഇരുന്നൂറോളം കേസുകളാണ് രവി പൂജാരിക്കെതിരെയുള്ളത്.