board
പെരുമ്പാവൂരിന് സമീപം പളളിക്കവലയിൽ നാട്ടുകാരാർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ്

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരപ്രദേശങ്ങളും ലഹരി മാഫിയകളുടെ പറുദീസയാകുന്നു. വൻതോതിൽ കഞ്ചാവും ഇതരലഹരി വസ്തുക്കളും വ്യാപാരം നടക്കുന്ന പ്രദേശമായി ഇവിടം മാറി. വിദ്യാർത്ഥികളെയും യുവാക്കളെയും ഇതിന്റെ വാഹകരായും ഉപഭോക്താക്കളായും മാറ്റുന്നതിൽ ലഹരിമാഫിയ വിജയിച്ചതോടെ പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളെല്ലാം ഇത്തരക്കാർ തമ്പടിച്ചിരിക്കുകയാണ്.പെരുമ്പാവൂരിൽ അടുത്തിയിടെ നടന്ന ക്രിമിനൽ പശ്ചാത്തലത്തിലുളള സംഭവങ്ങളുടെ പിന്നാമ്പുറങ്ങൾ തേടിയെത്തുമ്പോൾ അവസാനിക്കുന്നത് ലഹരിമാഫിയയുമായുളള ബന്ധത്തിലാണ്.

ലോക്ഡൗൺ കാലത്തും ലഹരിവസ്തുക്കൾ സുലഭം

മധ്യകേരളത്തിന്റെ നാല് അതിർത്തികളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്നതിനാലും വേണ്ടത്ര കർശനപരിശോധനകൾ ഇല്ലാത്തതുമാണ് ലഹരിവില്പന മാഫിയക്കാർ പെരുമ്പാവൂരിനെ തിരഞ്ഞെടുക്കാനുളള കാരണം. കൂടാതെ ഉത്തരേന്ത്യക്കാർ കൂട്ടമായി വിഹരിക്കുന്നതിനാൽ ഇവരുടെ നാട്ടിൽ നിന്നും വൻതോതിൽ ലഹരിവസ്തുക്കളും ഒഴുകുന്നുണ്ട്.ഉത്തരേന്ത്യൻ തൊഴിലാളികൾ വിവിധ മേഖലകളിൽ പണിയെടുക്കുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ലഹരിമാഫിയകൾക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണ്.എന്നാൽ ഇതിന്റെ പ്രധാനികളെ കണ്ടെത്താനോ പിടികൂടാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.


ഉപഭോഗവും വില്പനയും ആളൊഴിഞ്ഞ പ്രദേശങ്ങളിൽ

പെരുമ്പാവൂർ നഗരസഭയും ചുറ്റുവട്ടത്തുളള എട്ടോളം പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പറമ്പുകൾ, റബ്ബർ തോട്ടങ്ങൾ, ഒറ്റപ്പെട്ട വലിയ കൃഷിത്തോട്ടങ്ങൾ, വിവിധ കെട്ടിടങ്ങളുടെ ടെറസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരി ഉപഭോക്താക്കൾ തമ്പടിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർച്ചയായി പൂട്ടിയിട്ടിരിക്കുന്നതിനാൽ ഇവിടെയും ചിലർ തമ്പടിക്കുന്നുണ്ട്. പുതിയ മൊബൈലുകൾ, ബൈക്കുകൾ ഉൾപ്പെടെയുളള ഗാഡ്ജറ്റുകൾ വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ വിപണനത്തിനായി ഉപയോഗപ്പെടുത്തുകയാണ്.


നാട്ടുകാർ രംഗത്തിറങ്ങിയിട്ടും രക്ഷയില്ല

മയക്കുമരുന്ന് ഉപയോഗം നിയമപരമായി നേരിടാൻ സാധിക്കാതെ വന്നതോടെ വിവിധയിടങ്ങളിൽ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് ഇവരെ കായികമായി നേരിടുമെന്ന മുന്നറിയിപ്പ് ബോർഡുകൾ തന്നെ പലയിടങ്ങളിലായി സ്ഥാപിച്ചെങ്കിലും ഫലപ്രദമായിട്ടില്ല. ലഹരി വസ്തുക്കൾ വാങ്ങുന്നതിനും, കൂട്ടമായി ഉപയോഗിക്കുന്നതിനും വന്നെത്തുന്ന സംഘങ്ങളെ പലതവണകളായി നാട്ടുകാർ പലവട്ടം കൈകാര്യം ചെയ്ത് പൊലീസിലേൽപ്പിച്ചെങ്കിലും കാര്യമായ നടപടികൾ ഇല്ലാത്ത അവസ്ഥയാണ്.പൊലീസ് പിടിയിലായി മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ തിരിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ച സംഭവങ്ങളും പെരുമ്പാവൂരിൽ ഉണ്ടായിട്ടുണ്ട്.