കൊച്ചി: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഏകീകരണവും വളർച്ചയും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ പറഞ്ഞു. കോൺഗ്രസ് (എസ് ) ജനതാദൾ (എസ് ) സംസ്ഥാനതല ലയന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തിന് പ്രസക്തി ഏറുകയാണ്. മോദി ഭരണത്തിൽ പ്രതിരോധ മേഖലയടക്കം വിറ്റുതുലച്ചു. ബി.ജെ.പിയും സംഘപരിവാറും രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സുരക്ഷയും തകർത്തു. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് കർഷകരും കർഷകത്തൊഴിലാളികളും മത ന്യൂനപക്ഷങ്ങളുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംസ്ഥാന വൈസ് സെക്രട്ടറി പി.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, ജെ.ഡി.എസ് എറണാകുളം ജില്ലാ സെക്രട്ടറി ജബ്ബാർ തച്ചയിൽ, ദേശീയ സമിതിഅംഗം ജോൺകുട്ടി ടി. റേഡിയസ്, ജില്ലാസെക്രട്ടറി അലോഷ്യസ് കൊള്ളന്നൂർ, മഹിളാ കോൺഗ്രസ് (എസ് )മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ സി.യു, കെ.രാമചന്ദ്രൻ നായർ, ജോമോൻ വാഴപ്പിള്ളി,സോജൻ ജോർജ് എന്നിവർ സംസാരിച്ചു.