കൊച്ചി: കൊച്ചി നഗരം പണിതുയർത്തുന്നതിൽ തൊഴിലാളികൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവത്തതാണെന്ന് മേയർ അഡ്വ. എം.അനിൽകുമാർ പറഞ്ഞു. ഇവരോടുള്ള നന്ദി പ്രകടനമായിട്ടാണ് നഗരസഭയുടെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ചില പദ്ധതികൾ. കേരള ലേബർ മൂവ്‌മെന്റ് വരാപ്പുഴ അതിരൂപത ആരംഭിക്കുന്ന വർക്കേഴ്‌സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കേരള ലേബർ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബാബു തണ്ണിക്കോടിനെ യോഗത്തിൽ അനുമോദിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ സെന്ററിന്റെ ആശീർവാദം കർമ്മം നിർവഹിച്ചു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, കെ.ആർ.എൽ.സി.ബി.സി ലേബർ കമ്മിഷൻ സെക്രട്ടറി ജോസഫ് ജൂഡ്, കേരള ഗാർഹിക തൊഴിലാളി ഫോറം പ്രസിഡന്റ് ഷെറിൻ ബാബു, ജനറൽ സെക്രട്ടറി സജി ഫ്രാൻസിസ്, സെക്രട്ടറി ജിപ്‌സി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.