k-k-shylaja

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കത്തോലിക്കാസഭ നൽകിവരുന്ന പിന്തുണയും സഹായവും നിസ്തുലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കെ.സി.ബി.സി സംഘടിപ്പിച്ച ദ്വിദിന പഠനശിബിരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആതുരശുശ്രൂഷയിൽ എക്കാലത്തും കത്തോലിക്കാസഭ സ്ഥാപനങ്ങൾ മാതൃകയാണ്. സ്വകാര്യമേഖലയിൽ നിന്നുള്ള ചില സ്ഥാപനങ്ങൾ സർക്കാരിനോട് പലതും ആവശ്യപ്പെടുമ്പോൾ കത്തോലിക്ക ആശുപത്രികളെ മാതൃകയാക്കണമെന്നാണ് താൻ പറയാറുള്ളതെന്ന് മന്ത്രി പറഞ്ഞു.

വികസനത്തിന്റെ സുപ്രധാന വേദിയാണ് ആരോഗ്യമേഖലയെന്നും കൊവിഡ് പ്രതിരോധത്തിൽ ക്രൈസിസ് മാനേജ്‌മെന്റ് നയങ്ങളാണ് മന്ത്രി നടപ്പാക്കിയതെന്നും അനുഗ്രഹപ്രഭാഷത്തിൽ കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. കെ.സി.ബി.സി അൽമായ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിൽകണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി, അഡ്വ. ഷെറിൻ ജെ. തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.