title-deed

കൊച്ചി: ആർക്കു വേണമെങ്കിലും ആധാരം സ്വയം എഴുതി രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി വർഷം മൂന്നര കഴിഞ്ഞിട്ടും ജനങ്ങൾക്ക് മടി മാറുന്നില്ല. കഴിഞ്ഞ മാർച്ച് 31 വരെ ജില്ലയിൽ സ്വയം തയ്യാറാക്കിയ ആധാരങ്ങൾ വെറും 217 എണ്ണം. ഈവർഷം ഇതുവരെ 43 ഉം. തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ഓഫീസിലാണ് ഏറ്റവും കൂടുതൽ - 74. പോത്താനിക്കാട് സബ് രജിസ്ട്രാർ ഓഫീസിലാകട്ടെ ഇതുവരെ ഒന്നും നടന്നിട്ടുമില്ല. ആധാരം സ്വയം തയ്യാറാക്കുന്നതിൽ നിന്നു സാധാരണക്കാരനെ അകറ്റുന്ന പ്രധാന കാര്യം. എഴുത്തിലെ സങ്കീർണതയാണ്. എന്നാൽ ഏതൊരു ആധാരം അപേക്ഷയും പൂരിപ്പിക്കുന്നതു പോലെ പൂരിപ്പിക്കാവുന്ന രേഖയാണ് ആധാരം തയ്യാറാക്കലുമെന്ന് അധികൃതർ പറയുന്നു.

എങ്ങനെ തുടങ്ങാം

ആധാരത്തിൽ ചേർക്കേണ്ട വിവരങ്ങളെല്ലാം കൈയിലുണ്ടാകണം. വാങ്ങാൻ ഉദ്ദേശിക്കുന്ന, പേരിലേക്കു മാറ്റേണ്ട വസ്തുവിന്റെ നിലവിലെ ആധാരം കൈവശം കരുതുക. മുൻപുള്ള ഉടമ ആധാരത്തിൽ നിന്ന് സ്ഥലം വിറ്റിട്ടുണ്ടെങ്കിൽ അതിനുശേഷം വില്ലേജ് ഓഫിസിൽ നിന്ന് എടുത്തിട്ടുള്ള ലൊക്കേഷൻ സ്‌കെച്ചും കരുതുക. ആധാരത്തിൽ ഭൂമിയുടെ വിശദാംശം ചേർക്കുമ്പോൾ കൃത്യമായ അളവ് ചേർക്കാൻ ഇത് ആവശ്യമായി വരും. ഇപ്പോഴത്തെ ആധാരത്തിൽ പറയുന്ന വസ്തുവിവര പട്ടികയിലെ തദ്ദേശസ്ഥാപനം, വീട്ടുനമ്പർ തുടങ്ങിയവയിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതും അറിഞ്ഞുവയ്ക്കുക.

 ന്യായവില അറിയണം

രജിസ്‌ട്രേഷൻ വകുപ്പിന്റെ www.keralaregistration.gov.in എന്ന പോർട്ടലിൽ നിന്ന് പേരിലേയ്ക്കു മാറ്റേണ്ട ഭൂമിയുടെ ന്യായവില അറിയുകയാണ് അടുത്ത പടി. ന്യായവില എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പുതിയ വിൻഡോ തുറക്കും. അതിൽ സർവേ നമ്പർ, റീസർവേ നമ്പർ എന്നിവയും മറ്റു വിശദാംശങ്ങളും ചേർത്താൽ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായവില അറിയാം. പോർട്ടലിൽ കൊടുത്തിരിക്കുന്ന വിലയുടെ 10 ശതമാനം അധികം ചേർത്താണ് പുതിയ ന്യായവില കണക്കാക്കേണ്ടത്. ന്യായവില കുറയാൻ പാടില്ല, എത്ര വേണമെങ്കിലും കൂടാം. ഭൂമിയിൽ വീടോ കെട്ടിടമോ ഉണ്ടെങ്കിൽ അതിന്റെ പഴക്കം അനുസരിച്ചും റോഡ് സൗകര്യം അനുസരിച്ചും വില കണക്കാക്കണം. സബ് റജിസ്ട്രാർ ഓഫിസിൽ കെട്ടിടത്തിന്റെ വിശദാംശങ്ങൾ കാണിച്ചാൽ എത്ര തുക മതിപ്പുവില ഇടണമെന്ന് അറിയാം. ഇവ രണ്ടും ചേരുന്നതാണ് ആധാരത്തിൽ കാണിക്കേണ്ട തുക.

 രജിസ്ട്രേഷൻ ലളിതം

രജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി രജിസ്ട്രാഫീസിൽ പോയി ആർക്കും ആധാരം റജിസ്റ്റർ ചെയ്യാം. ക്ളാർക്ക് മുതൽ സബ് രജിസ്ട്രാർ വരെ പിന്തുണയ്ക്കായി ഉണ്ടാകും.

# കാലത്തിനൊപ്പം മാറാൻ മടി

കാലത്തിനൊപ്പം മാറാൻ പലർക്കും മടിയാണ്. അതാണ് സ്വയം ആധാരം തയ്യാറാക്കുന്നതിൽ നിന്ന് ആളുകളെ അകറ്റുന്നതിന് പ്രധാന കാരണം.

എബി ജോർജ്

ജില്ലാ രജിസ്ട്രാർ