വെെപ്പിൻ: വൈപ്പിൻ - പറവൂർ സംസ്ഥാനപാതയിൽ വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. ടാറിംഗിനെ തുടർന്ന് റോഡ് മികച്ച നിലവാരത്തിലെത്തിയത്തോടെ വാഹനങ്ങൾക്കെല്ലാം ഇരട്ടിവേഗമാണ്.

ഏറെനാളത്തെ പരാതികൾക്കും കാത്തിരിപ്പിനുമൊടുവിലാണ് സംസ്ഥാന പാതയിൽ ടാറിംഗ് നടക്കുന്നത്. റോഡുകൾ മെച്ചപ്പെട്ടത്തോടെ വാഹനങ്ങളുടെ അമിതവേഗതയും സ്വകാര്യ ബസുകളുടെ മത്സരയോട്ടവും വർദ്ധിച്ചു. പല സ്ഥലങ്ങളിലും കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ രാവിലെയും വെെകിട്ടുമായിരുന്നു കൂടുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ എല്ലാ സമയങ്ങളിലും ഇതുതന്നെയാണ് സ്ഥിതിയെന്നാണ് യാത്രക്കാരുടെ പരാതി.

പലയിടങ്ങളിലും റോഡ് വീതി കൂട്ടിയാണ് ടാറിംഗ് നടത്തിയത്. ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ടാറിംഗിന് പുറമെ പെെപ്പ് ലെെൻ ജോലികൾ കൂടി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. കൊവിഡിനെ തുടർന്ന് കൂടുതൽ ആളുകളും ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്നതും തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. വടക്കൻ ജില്ലകളിലേക്ക് പോകാൻ ഈ റൂട്ട് തിരഞ്ഞെടുക്കുന്നതും പതിവിലും കൂടുതൽ തിരക്ക് വർദ്ധിപ്പിക്കുന്നു. കൊടുങ്ങല്ലൂർക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ഈ റൂട്ട് വഴി പോകുന്നത് സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും തമ്മിലുള്ള മത്സരയോട്ടത്തിലാണ് ചെന്നെത്തുന്നത്. പൊലീസ് പരിശോധന നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഹെൽമറ്റ് കേന്ദ്രികരിച്ചാണ്.