
കൊച്ചി: സെക്രട്ടേറിയറ്റ് സ്റ്റാഫ് ഹൗസിംഗ് കോ ഒാപ്പറേറ്റീവ് സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പു മാർച്ച് പത്തിനു നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഭരണസമിതിയുടെ കാലാവധി 2018ൽ കഴിഞ്ഞിട്ടും ഇലക്‌ഷൻ നടത്താത്തതിനെതിരെ സൊസൈറ്റി അംഗമായ എം.എസ്. ജ്യോതിഷടക്കം അഞ്ചുപേർ നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സൊസൈറ്റിയുടെ മുൻ സെക്രട്ടറി വ്യാജതിരിച്ചറിയൽ കാർഡ് വിതരണം ചെയ്തെന്ന ആരോപണത്തെത്തുടർന്നാണ് തിരഞ്ഞെടുപ്പ് വൈകിയതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരിച്ചു. തിരഞ്ഞെടുപ്പു നടത്താൻ രജിസ്ട്രാർ മുഖേന സഹകരണ സംഘങ്ങളുടെ ഇലക്‌ഷൻ കമ്മിഷന് നൽകിയ പ്രമേയം അംഗീകരിച്ച് മാർച്ച് പത്തിന് തിരഞ്ഞെടുപ്പു നടത്താൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അംഗങ്ങൾ കാർഡുകൾ തിരികെ ഹാജരാക്കി പുതിയത് കൈപ്പറ്റാൻ നിർദേശിച്ചെങ്കിലും കുറേപ്പേർ നൽകിയിട്ടില്ലെന്നും കമ്മിറ്റി വാദിച്ചു. തുടർന്ന്, തിരഞ്ഞെടുപ്പിന് അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചു ഇലക്‌ഷൻ നടത്താൻ ഹൈക്കോടതി നിർദേശിച്ചു.