
കൊച്ചി: ജില്ലയിൽ മൂന്ന് സബ് ഡിവിഷനുകൾ കൂടി രൂപീകരിച്ചതോടെ കൂടുതൽ പവർഫുള്ളായി പൊലീസ്. കൊച്ചി സിറ്റിയിൽ ഒന്നും റൂറൽ മേഖലയിൽ രണ്ടും സബ് ഡിവിഷനുകളാണ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം. ഇതോടെ എറണാകുളം ജില്ലയിലെ സബ് ഡിവിഷനുകളുടെ എണ്ണം പത്തായി ഉയർന്നു. എറണാകുളം സെൻട്രലിൽ അസിസ്റ്റന്റ് കമ്മിഷണറും മറ്റ് രണ്ടിടത്ത് ഡിവൈ.എസ്.പിമാരും ചുമതലയേറ്റു. 11 പൊലീസ് സ്റ്റേഷനുകളായിരുന്നു നേരത്തെ കൊച്ചി സിറ്റി പൊലീസിന് കീഴിലുണ്ടായിരുന്നത്. ഇതിൽ ആറ് സ്റ്റേഷനുകളാണ് പുതിയ സബ് ഡിവിഷനിൽ ഉൾപ്പെടുന്നത്. ശേഷിക്കുന്നവ പഴയ സബ് ഡിവിഷനിൽ തുടരും. റൂറൽ മേഖലയിൽ മുനമ്പം, പുത്തൻകുരിശ് എന്നിവയാണ് പുതിയ സബ് ഡിവിഷനുകൾ. സബ് ഡിവിഷനുകളുടെ എണ്ണം വദ്ധിപ്പിക്കണമെന്നത് വർഷങ്ങൾക്ക് മുമ്പ് ഉയർന്ന ആവശ്യമാണ്. കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്.
പ്രവർത്തനം വേഗത്തിലാകും
ഏതാനും സ്റ്റേഷനുകൾ മാത്രം സബ് ഡിവിഷന് കീഴിൽ വരുന്നതിനാൽ മേലുദ്യോഗസ്ഥർക്കുണ്ടായിരുന്ന അമിതജോലിഭാരം കുറയും. ഇത് പൊലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. കേസ് അന്വേഷണത്തിനും തുടർനടപടികൾക്കും വേഗം കൂടും. 200 ഓളം പൊലീസ് ഉദ്യോഗസ്ഥരുള്ള എറണാകുളം സെൻട്രൽ സ്റ്റേഷനടക്കം 11 സ്റ്റേഷനുകളായിരുന്നു നേരത്തെ സബ് ഡിവിഷൻ മേധാവിക്ക് നിയന്ത്രിക്കേണ്ടിയിരുന്നത്. ഇത് ആറായി കുറഞ്ഞതോടെ കൊച്ചി പോലെ തന്ത്രപ്രധാനമായ മേഖലയിൽ ഉന്നത ഉദ്യോഗസ്ഥന് കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനാവുന്ന സ്ഥിതിയായി. പറവൂർ മുനമ്പം ഞാറയ്ക്കൽ സ്റ്റേഷനുകളടക്കം അങ്കമാലി ഡിവൈ.എസ്.പിക്ക് കീഴിലായിരുന്നു. പുതിയ സബ് ഡിവിഷന്റെ രൂപീകരണത്തോടെ സ്റ്റേഷനുകളെല്ലാം മുമ്പത്തിന് കീഴിലായി.
ഗുണം ചെയ്യും
നേരത്തെ ഒരു സബ് ഡിവിഷന് കീഴിൽ 10 സ്റ്റേഷനുകൾ വരെ ഉണ്ടായിരുന്നു. പുതിയ സബ് ഡിവിഷനുകൾ വന്നതോടെ കീഴിലുള്ള സ്റ്റേഷനുകളുടെ എണ്ണം ശരാശരി ആറായി. എണ്ണം കുറഞ്ഞത് ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ജോലി ഭാരം കുറച്ചു. ഇത് ക്രിയാത്മകമായ ഇടപെടലിന് സഹായിക്കും.
സി.എച്ച് നാഗരാജു
കമ്മിഷണർ
കൊച്ചി
മുനമ്പം സബ് ഡിവിഷൻ
ഡിവൈ.എസ്.പി: ആർ.ബൈജുകുമാർ
ഞാറയ്ക്കൽ
മുനമ്പം
പറവൂർ
വരാപ്പുഴ
വടക്കേക്കര
പുത്തൻവേലിക്കര
പുത്തൻകുരിശ് സബ് ഡിവിഷൻ
ഡിവൈ.എസ്.പി: അജയ് നാഥ്
പിറവം
കൂത്താട്ടുകുളം
മുളന്തുരുത്തി
ചോറ്റാനിക്കര
രാമമംഗലം
പുത്തൻകുരിശ്
എറണാകുളം സെൻട്രൽ
എ.സി.പി : വൈ. നിസാമുദ്ദീൻ
സെൽട്രൽ സ്റ്റേഷൻ
നോർത്ത് സ്റ്റേഷൻ
മുളവുകാട്
കടവന്ത്ര
എളമക്കര
ചേരാനല്ലൂർ
സിറ്റിയിലും(3) റൂറലിലുമായി(3) ഉണ്ടായിരുന്നത് 6 സബ് ഡിവിഷനുകൾ
എറണാകുളം റൂറലിൽ 34 സ്റ്റേഷനുകൾ
സിറ്റിയിൽ 24 സ്റ്റേഷനുകൾ
പുറമെ വനിതാ സ്റ്റേഷൻ, സൈബർ സെല്ലടക്കം മറ്റ് വിഭാഗങ്ങൾ.