photo
കൊച്ചി കോട്ടപ്പുറം കായൽ

വൈപ്പിൻ: വൈപ്പിൻ ദ്വീപിന്റെ കിഴക്കേ അതിർത്തിയിലെ വീരൻപുഴ എന്നറിയപ്പെടുന്ന കൊച്ചി കോട്ടപ്പുറം കായലിന് അനുദിനം ആഴം കുറയുന്നു. കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ദേശീയ ജലപാതയുടെ ഭാഗമാണ് ഈ കായൽ.

കായലിന് ആഴം കൂട്ടാൻ നാലഞ്ച് വർഷം മുൻപ് ഡ്രഡ്ജിംഗ് നടത്തിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. ഡ്രഡ്ജിംഗ് പുനരാരംഭിക്കുകയാണ് കായൽ പഴയ പടിയിലാക്കാനുള്ള ഫലപ്രദമായ നടപടി. വർദ്ധിച്ചു വരുന്ന വേലിയേറ്റം മൂലം ആഴം കുറഞ്ഞ കായൽ നിറഞ്ഞ് വെള്ളം കരയിലേക്ക് ഒഴുകുകയാണ്. ഇത് കാരണം വൈപ്പിൻ കരയിലെ പുഴയോര പ്രദേശങ്ങളിൽ ഉപ്പ് വെള്ളം കയറി കെട്ടികിടന്ന് ജനജീവിതം ദുസഹമാകുന്നുണ്ട്.

ദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ കായലിലേക്കുള്ള കൈയേറ്റവും ഭീഷണി ആകുന്നുണ്ട്. ഇവിടങ്ങളിൽ കായലിന് വീതി കുറഞ്ഞ് നീരൊഴുക്കിന് വേഗതകുറയുന്നു. കായലിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും അടിഞ്ഞ് കൂടിയ മണ്ണും ചെളിയും എക്കലും നീക്കി നീരൊഴുക്ക് സുഗമമാക്കിയെങ്കിൽ മാത്രമേ കായലിന് നിലനില്പുള്ളൂ.

എങ്ങുമെത്താതെ ദേശീയ ജലപാത

ദേശീയ ജലപാത സഞ്ചാരപഥം സാധ്യമാക്കുന്നതിന് കായലിലെ ചീനവലകളെല്ലാം നീക്കം ചെയ്യാൻ സർക്കാർ തീരുമാനിക്കുകയും ചീനവലകളുടെ കണക്കെടുത്ത് വല ഉടമകൾക്കെല്ലാം നഷ്ടപരിഹാരം കൊടുത്ത് നീക്കം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. അര ലക്ഷം മുതൽ ഒരു ലക്ഷം രൂപ വരെ ചീനവലക്കാർക്ക് ഫിഷറീസ് വകുപ്പ് മുഖേന നല്കുകയും ചെയ്തിരുന്നു. പക്ഷേ ഈ വലകളൊന്നും നീക്കം ചെയ്തിട്ടില്ല. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട പലരും പുതിയതായി ചീനവലകൾ സ്ഥാപിക്കുകയും ചെയ്തു. ദേശീയ ജലപാത അങ്ങനെ കടംകഥയായി മാറി.

മത്സ്യബന്ധനത്തിന് ഭീഷണി

കായലിൽ ദിനം തോറും മണ്ണും ചെളിയും എക്കലും വന്നടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞു. വേലിയിറക്ക സമയത്ത് പലയിടത്തും കായലിൽ മൺതിട്ട ഉയർന്ന് കാണാവുന്ന സ്ഥിതിയായി. ചെറുവഞ്ചികളിൽ മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികൾക്ക് കായലിന്റെ ആഴ കുറവ് ഭീഷണിയായി. മത്സ്യ സമ്പത്തും കാര്യമായി കുറഞ്ഞു.