കൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്റെ മറവിൽ അക്രമം അഴിച്ചുവിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഡി.വെെ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. 'നുണ പറയുന്ന പ്രതിപക്ഷം സത്യം പറയുന്ന പി.എസ്.സി കണക്കുകൾ' എന്ന മുദ്രാവാക്യം ഉയർത്തി ഡി.വെെ.എഫ്.ഐ. നടത്തിയ യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക, 2020 ജൂൺ 30ന് അവസാനിച്ച സി.പി.ഒ റാങ്ക് ലിസ്റ്റ് പുനർജീവിപ്പിക്കുക തുടങ്ങി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങൾ ലക്ഷക്കണക്കിന് ഉദ്യോർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈമാസം 28നുള്ളിൽ 2500 മേഖലാ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും, 28ന് സെക്രട്ടറിയേറ്റിന് മുന്നിൽ യുവജന മഹാസംഗമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മേനകയിൽ നിന്നാരംഭിച്ച യുവജനറാലി മഹാരാജാസ് കോളേജിന് മുന്നിൽ അവസാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.പി. രതീഷ്, സോളമൻ സിജു, എൻ.ജി. സുജീത് കുമാർ, എൽ. ആദർശ്, ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. രശ്‌മി തോമസ്, വെെസ് പ്രസിഡന്റ് ലിജിഷിയ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.