വൈപ്പിൻ: വേനൽക്കാലത്തും വെള്ളക്കെട്ടുകാരണം റോഡിലൂടെ നടക്കാനാവില്ലെന്ന് നാട്ടുകാരുടെ പരാതി. ശൂലവാണി എ.എസ്. ജംഗ്ഷൻ മുതൽ ചാപ്പക്കടവ് അക്വാടൂറിസം സെന്റർ വരെയുള്ള രണ്ട് കിലോമീറ്റർ റോഡാണ് പലയിടത്തും മുട്ടോളം മലിനജലം കെട്ടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാതായത്.
നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലെ പ്രധാന കലുങ്ക് സ്വകാര്യ വ്യക്തി അനധികൃതമായി അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ പീലിംഗ് ഷെഡിൽ നിന്നുള്ള വെള്ളവും റോഡിൽ കെട്ടിക്കിടക്കുകയാണ്. ഇതിന്റെ ദുർഗന്ധവും രോഗവ്യാപന സാധ്യതയും സമീപവാസികളെ ദുരുതത്തിലാക്കിയിട്ടും കമ്പനി അധികൃതരൊ ആരോഗ്യവകുപ്പോ തിരിഞ്ഞുനോക്കുന്നില്ല. നാട്ടുകാർ നിരന്തരം പരാതി പറഞ്ഞിട്ടും ആരും കേട്ടഭാവം നടിക്കുന്നില്ലെന്നും ആരോപണമുണ്ട്. മഴക്കാലത്ത് രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിക്കുന്ന പ്രദേശമാണിത്. വേനൽക്കാലത്തും സ്ഥിതി അതുതന്നെ.
തീരദ്ദേശ ഹൈവേയായി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡാണ് ഈ അവസ്ഥയിൽ അനാഥമായി കിടക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ റോഡിന് കോടികൾ ഫണ്ട് അനുവദിച്ചെന്ന അവകാശവാദവുമായി ജനപ്രതിനിധികളുടെ ചിത്രം വച്ച ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.
വെള്ളത്തിലെ രാസവസ്തുക്കളുടെ സാമീപ്യം
റോഡിലെ മലിനജലത്തിലൂടെ ഓടിക്കേണ്ടിവരുന്ന ഇരുചക്രവാഹനങ്ങൾപോലും പെട്ടന്ന് തുരുമ്പിക്കുന്ന സ്ഥിതിയുണ്ട്. വെള്ളത്തിലെ രാസവസ്തുക്കളുടെ അമിത സാമീപ്യമാണ് ഇതിനുകാരണം. കലുങ്ക് അടഞ്ഞതുകാരണം നീരൊഴുക്ക് നിലച്ച തോടുകളിൽ യാതൊരുവിധത്തിലുള്ള ജലജീവികളുമില്ലെന്നതും നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. ജീവജാലങ്ങൾക്ക് നിലനിൽക്കാനാവാത്ത വിധം വിഷം കലർന്നവെള്ളം വീടിനുചുറ്റും കെട്ടിക്കിടക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആപത്താണെന്ന് ചൂണ്ടിക്കാട്ടിയിട്ടുപോലും ആരും തിരിഞ്ഞുനോക്കുന്നില്ല.