
കുറുപ്പംപടി: ഓടയ്ക്കാലി തലപ്പുഞ്ചയിൽ പാറമടയിലേക്ക് ടിപ്പർ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടപ്പടി അയിരൂർപ്പാടം ആയപ്പാറ ഒറ്റയ്ക്കാപ്പിള്ളിൽ സജീവന്റെ മകൻ സച്ചിൻ സജീവാണ് (27) മരിച്ചത്. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുരീക്കാംപാറയ്ക്ക് സമീപം മേയ്ക്കമാലി എം.എം. ജോർജിന്റെ ഉടമസ്ഥതയിലുള്ള പാറമടയിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ആയിരുന്നു അപകടം. പ്രവർത്തനം നിർത്തിയ പാറമട മണ്ണിട്ടും പ്ലൈവുഡ് വേസ്റ്റിട്ടും നികത്തുന്നതിനിടയിലാണ് ടിപ്പർ പാറമടയിലേക്ക് പതിച്ചത്. പാറമടയിൽ 40 അടിയോളം വെള്ളമുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് സച്ചിൻ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി. പെരുമ്പാവൂർ, കോതമംഗലം സ്റ്റേഷനുകളിൽനിന്നെത്തിയ ഫയർഫോഴ്‌സും സ്കൂബാടീമും തെരച്ചിൽ നടത്തിയെങ്കിലും ഇടയ്ക്ക് നിർത്തിവച്ചു. രാസമാലിന്യം കലർന്ന വെള്ളത്തിൽ ഇറങ്ങിയ 9 ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ദേഹത്ത് പൊള്ളലേറ്റെന്ന് ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. ഹസൈനാർ പറഞ്ഞു. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് ടിപ്പർ ലോറി പാറക്കുളത്തിൽ നിന്നും ഉയർത്തിയശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: മിനി.