
കൊച്ചി: ആയിരക്കണക്കിന് ഹെക്ടർ സർക്കാർ ഭൂമി അന്യാധീനപ്പെട്ട തോട്ടം മേഖലയിൽ ഇരുപതിനായിരത്തോളം തൊഴിലാളി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമില്ല. ഭൂമി ലഭ്യമല്ലാത്തതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ ഭവനപദ്ധതിയിലൂടെ തോട്ടം തൊഴിലാളികളെ സഹായിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് നടത്തിയ വകുപ്പുതല പരിശോധനയിലാണ് കണക്ക് വെളിവായത്. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തോട്ടം മേഖലയിൽ ആകെയുള്ള 132 ഗ്രാമപഞ്ചായത്തുകളിൽ 37 ഇടത്താണ് ഭൂമി ലഭ്യമല്ലെന്ന പരാതി ഉണ്ടായത്. അതിൽ 33 പഞ്ചായത്തുകളിലെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ അർഹതയുണ്ടായിട്ടും ഭൂമി ഇല്ലാത്തതിനാൽ വീടുകിട്ടാത്ത 19,080 തൊഴിലാളി കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തി.
കൂടുതൽ ഇടുക്കിയിൽ
ഇടുക്കി ജില്ലയിൽ മാത്രം 16,508 തൊഴിലാളി കുടുംബങ്ങളാണ് പദ്ധതിക്ക് പുറത്തായത്. പഞ്ചായത്തുതലത്തിൽ ഭവനരഹിതരായ തോട്ടം തൊഴിലാളികൾ ഏറ്റവും കൂടുതൽ ഇടുക്കിയിലെ ദേവികുളത്തും (6,551), മൂന്നാറുമാണ് (4,665). വയനാട് ജില്ലയിലെ 9 പഞ്ചായത്തുകളിൽ ഭൂമി പ്രശ്നമുണ്ടെങ്കിലും വൈത്തിരി, മുപ്പൈനാട്, മുട്ടിൽ, പൊഴുതന പഞ്ചായത്തുകളിലെ കണക്കെടുത്തിട്ടില്ല.
ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം: പെരിങ്ങമല -48, വിതുര -151
കൊല്ലം : കുളത്തൂപ്പുഴ -132, ഏരൂർ -328, ആര്യങ്കാവ് -203
പത്തനംതിട്ട : കൊടുമൺ -2, സീതത്തോട് -148, മലയാലപ്പുഴ -168, അരുവാപ്പുലം -32
ഇടുക്കി: പള്ളിവാസൽ -320, മൂന്നാർ -4,465, ദേവികുളം -6,551, ശാന്തൻപാറ -130, ചിന്നക്കനാൽ -1801, ഉടുമ്പൻചോല -114, പീരുമേട് -925, ഏലപ്പാറ -850, കുമളി -130, വണ്ടിപ്പെരിയാർ -553, വണ്ടന്മേട് -73, ഉപ്പുതറ-350, ചക്കുപള്ളം -46
എറണാകുളം: അയ്യമ്പുഴ -68
തൃശൂർ: അതിരപ്പള്ളി -678, മറ്റത്തൂർ -21, വരന്തരപ്പള്ളി -221
വയനാട്: മേപ്പാടി -481, നെന്മേനി -10), തിരുനെല്ലി -3, തവിഞ്ഞാൽ -66, തൊണ്ടൽനാട് -15.
കാസർകോട്: മുളിയർ -2, പനത്തടി -15