 
മൂവാറ്റുപുഴ: ഹയർസെക്കൻഡറിയിൽ അഞ്ച് വർഷ സർവീസ് പൂർത്തിയാക്കിയ മുഴുവൻ ജൂനിയർ അദ്ധ്യാപകരെയും സീനിയർ തസ്തികയിലേക്ക് ഉയർത്തണമെന്ന് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ പിന്തുടരുന്ന കാലഹരണപ്പെട്ട എച്ച് എം ക്വോട്ട നിർത്തലാക്കി മുഴുവൻ തസ്തികകളും ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായി നൽകണമെന്ന കോടതി വിധി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലൗലി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ മുഖ്യപ്രഭാഷണം നടത്തി. യാത്രഅയപ്പ് സമ്മേളനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും, വിദ്യാഭ്യാസ സെമിനാർ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്ജും ഉദ്ഘാടനം ചെയ്തു. ഓൺലൈൻ മത്സരവിജയികൾക്കുള്ള പുരസ്കാരങ്ങൾ നൽകി. സംസ്ഥാന ട്രഷറർ എം സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറിമാരായ എം വി അഭിലാഷ്, ആയിര സുനിൽകുമാർ, വി എം ജയപ്രദീപ്, ഡോ.എസ് എൻ മഹേഷ് ബാബു, ജില്ലാ ഖജാൻജി ഡോ. അനുകുമാർ, ജില്ലാ സെക്രട്ടറി റോയ് സെബാസ്റ്റ്യൻ, ഉഷ എൻ, ഷിബു സി ജോർജ്, എൻ ആർ സുധാകരൻ പിള്ള, ജോസഫ് വി ജെ, തുടങ്ങിയവർ സംസാരിച്ചു.