panchayath
പായിപ്ര ഗ്രാമപഞ്ചായത്തിന് മുന്നിൽ എൽ.ഡി.എഫ് മെമ്പർമാർ പ്രതിഷേധിക്കുന്നു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ നാല് താത്കാലിക ജീവനക്കാരുടെ ഒഴിവുകളിലേയ്ക്ക് ബന്ധുനിയമനത്തിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ ഇടത് മുന്നണി മെമ്പർമാരുടെ പ്രതിഷേധം. പഞ്ചായത്ത് കമ്മിറ്റിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ, പാലിയേറ്റീവ് നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ആളെ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ നിയമനം യോഗ്യരായവർക്ക് ലഭിക്കണമെങ്കിൽ എംപ്ലോയ്‌മെന്റിൽ നിന്നും നിയമിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ രംഗത്ത് വരികയായിരുന്നു. എന്നാൽ ഇതിനെ ഭരണപക്ഷാംഗങ്ങൾ എതിർത്തതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളം വയ്ക്കുകയും വിയോജന കുറിപ്പ് രേഖപ്പെടുത്തി കമ്മിറ്റിയിൽ നിന്നും ഇറങ്ങിപോകുകയും ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ അർഹരായവരെ തഴഞ്ഞ് സ്വന്തക്കാരെ തിരുകികയറ്റാനുള്ള നീക്കത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഇ.എം.ഷാജി പറഞ്ഞു.മെമ്പർമാരായ സക്കീർ ഹുസൈൻ, എം.എ.നൗഷാദ്, എ.ടി.സുരേന്ദ്രൻ, സാജിത മുഹമ്മദാലി, റെജീന ഷിഹാജ്, ദീപ റോയി, ബെസി എൽദോ, ജയശ്രീ ശ്രീധരൻ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.