thottara
കാർഷിക സർവകലാശാല നിയോഗിച്ച വിദഗ്ദ സമിതി തോട്ടറപുഞ്ച സന്ദർശിക്കുന്നു

മുളന്തുരുത്തി: ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തിയാൽ ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കാമെന്ന് തോട്ടറ പുഞ്ചയെക്കുറിച്ച് പഠിക്കുന്നതിനായി കാർഷിക സർവകലാശാല നിയോഗിച്ച വിദഗ്ദ്ധസമിതി അഭിപ്രായപ്പെട്ടു. പുഞ്ചയിലെ വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിനു ഓട്ടോമാറ്റിക് ഷട്ടറുകൾ സ്ഥാപിക്കണമെന്നു സമിതി കൺവീനർ കുമരകം റിസേർച് സെന്ററിലെ അസിസ്റ്റന്റ് പ്രഫസർ ബി.വിഷ്ണു പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ പെയ്ത മഴയിൽ വ്യാപകമായ കൃഷി നശിച്ചതിനെ തുടർന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ ആവശ്യപ്പെട്ടതനുസരിച്ചാണ് വിദഗ്ദ്ധ സമിതിയെ കാർഷിക സർവ്വകലാശാല നിയോഗിച്ചത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി. നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടക്കട്ടുവായാൽ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ. ജയകുമാർ, ആമ്പല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ബിജു തോമസ്, ജില്ലാ പഞ്ചായത്ത്‌ അംഗം അനിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.