
കൊച്ചി: മാണി സി. കാപ്പൻ രൂപീകരിച്ച പുതിയ പാർട്ടിക്കെതിരെ എൻ.സി.പി സംസ്ഥാന നേതൃത്വം. പാർട്ടി ചിഹ്നവും കൊടിയും ഉപയോഗിച്ചാൽ തിരിഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും, നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ വാർത്താസമ്മേളത്തിൽ പറഞ്ഞു .കാപ്പൻ രൂപീകരിച്ച പുതിയ പാർട്ടിയിലേക്ക്. മൂന്ന് ജനറൽ സെക്രട്ടറിമാർ മാത്രമാണ് പോയത്. 11 ജനറൽ സെക്രട്ടറിമാർ തങ്ങൾക്കൊപ്പമുണ്ട്. ചെറിയ ക്ഷീണമുണ്ടാക്കുമെന്നതൊഴിച്ചാൽ കാപ്പന് എൻ.സി.പിയുടെ കെട്ടുറപ്പ് തകർക്കാൻ കഴിയില്ല. എൽ.ഡി.എഫിൽ നാല് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വീണ്ടും ഇടതുമുന്നണി യോഗത്തിൽ ഉയർത്തും. പെട്രോൾ, ഡീസൽ വിലവർദ്ധനയ്ക്കെതിരെ പാർട്ടി മാർച്ച് ഒന്നിന് ബ്ലോക്ക് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. 2 മുതൽ അഞ്ചു വരെ തീയതികളിൽ ജില്ലാ കമ്മിറ്റികളും, 8ന് മുമ്പ് ബ്ലോക്ക്, ബൂത്ത് കമ്മിറ്റികളും ചേരും.. 28ന് സംസ്ഥാന നിവാഹക സമിതിയോഗം എറണാകുളത്ത് ചേരും.
നാല് തവണ മത്സരിച്ചവർ മാറണം
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് മാണി സി.കാപ്പൻ പാർട്ടി വിട്ടതെന്ന ആരോപണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തി.ദേശീയ നേതൃത്വത്തെ കുറ്റപ്പെടുത്തുകയാണ് സംസ്ഥാന നേതാക്കൾ ചെയ്യുന്നത്. പാർട്ടിയിൽ വീതം വയ്പ്പാണ് നടക്കുന്നത്. നാല് തവണ മത്സരിച്ചവർ മാറിനിൽക്കണം. യുവാക്കൾക്ക് അവസരം നൽകണമെന്നും ജയൻ പറഞ്ഞു.