
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ മാർച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും. പൂജാരിയെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിൽ എറണാകുളം സി.ജെ.എം കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് അടുത്തദിവസം പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് കൈമാറും.അതേസമയം രവി പൂജാരിയെ ഇന്ന് മുംബയ് പൊലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞദിവസം ബംഗളൂരു സെഷൻസ് കോടതി ഇതിന് അനുമതി നൽകിയിരുന്നു. മഹാരാഷ്ട്രയിൽ 49 കേസുകളിൽ പ്രതിയാണ് രവി പൂജാരി. ഇയാളുടെ കസ്റ്റഡിക്കായി ഏറെക്കാലമായി മുംബയ് പൊലീസ് നിയമപോരാട്ടത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അടുത്തമാസം എട്ടുവരെ കാത്തിരിക്കേണ്ടിവരുന്നത്.കസ്റ്റഡിയിൽ ലഭിച്ചാലുള്ള തുടർനപടികൾ അതീവരഹസ്യമായിരിക്കും. ബംഗളൂരു പൊലീസിന്റെ സുരക്ഷയിൽ എത്തിക്കുന്ന പൂജാരിയെ കോടതിയിൽ ഹാജരാക്കും. ഏഴുദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക. ചോദ്യം ചെയ്യലടക്കമുള്ള വിവരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒതുങ്ങും. സുരക്ഷാവീഴ്ച ഒഴിവാക്കാൻ കനത്ത മുന്നൊരുക്കമാണ് ക്രൈംബ്രാഞ്ച് ആസൂത്രണം ചെയ്യുന്നത്.
2018 ഡിസംബർ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാർലറിൽ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീനയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ക്വട്ടേഷൻ നൽകിയതായി രവി പൂജാരി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.