anwar-sadath-mla

 ആലുവ - പെരുമ്പാവൂർ റോഡും ഉപരോധിച്ചു

ആലുവ: നാലര വർഷത്തോളമായി ടാറിംഗ് മുടങ്ങിയതിൽ സഹികെട്ട നാട്ടുകാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. കീഴ്മാട് സർക്കുലർ റോഡ് ഉപരോധിക്കാനെത്തിയവർ സമരാവേശത്തിൽ പെരുമ്പാവൂർ ദേശസാത്കൃത റോഡും ഉപരോധിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ അൻവർ സാദത്ത് എം.എൽ.എയും നാട്ടുകാർക്കൊപ്പം റോഡിൽ കുത്തിയിരുന്നു.

ഇന്നലെ രാവിലെ സർക്കുലർ റോഡിൽ കുന്നുംപുറം കവലയിൽ സർക്കുലർ റോഡ് സംരക്ഷണ സമിതിയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 500 ഓളം പേർ സമരത്തിനെത്തി. അതുവരെ മുഖം തിരിഞ്ഞ് നിന്നിരുന്ന രാഷ്ട്രീയ പാർട്ടി നേതാക്കളും ഉപരോധത്തിനെത്തിയതോടെ സമരക്കാർക്ക് ആവേശമായി. ഇതോടെ പ്രകടനമായി കുട്ടമശേരിയിലെത്തി പെരുമ്പാവൂർ ദേശസാത്കൃത റോഡും ഉപരോധിക്കുകയായിരുന്നു. ഇതോടെ ആലുവ നഗരവും ഗതാഗതക്കുരുക്കിലായി. അപ്രതീക്ഷിതമായുണ്ടായ റോഡ് ഉപരോധം പൊലീസിനെയും ജനത്തെയും വലച്ചു.

സംഭവമറിഞ്ഞെത്തിയ പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനിയർ കെ.പി. ബിന്ദു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ എന്നിവർ സമരക്കാരുമായി സംസാരിച്ചാണ് ഉപരോധം അവസാനിപ്പിച്ചത്. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. റോഡിന്റെ പൊതുസ്ഥിതിയും ജനകീയ പ്രതിഷേധവും കോടതിയെ അറിയിക്കാൻ ഗവ. അഭിഭാഷകനോട് ആവശ്യപ്പെടാമെന്നും ഉദ്യോഗസ്ഥർ സമരക്കാർക്ക് ഉറപ്പ് നൽകി.

അൻവർ സാദത്ത് എം.എൽ.എയ്ക്ക് പുറമെ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു, പ്രതിപക്ഷ നേതാവ് സതീശൻ, സമരസമിതി ചെയർമാൻ ബേബി വർഗീസ്, കൺവീനർ കെ.എസ്. അനസ്, സി.പി.എം കീഴ്മാട് ലോക്കൽ സെക്രട്ടറി കെ.എ. ബഷീർ, ഫാ: സെൻ കല്ലുങ്കൽ, അബു ചെന്താര, സാബു പരിയാരത്ത് എന്നിവർ സംസാരിച്ചു.

പാരയായത് ഭൂഗർഭ പൈപ്പ് സ്ഥാപിക്കൽ

ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ഭൂഗർഭപൈപ്പ് സ്ഥാപിക്കുന്നതിനാണ് ടാറിംഗ് നിർത്തിയത്. അയ്യംങ്കുഴി മുതൽ എം.ആർ.എസ് വരെയുള്ള 400 മീറ്ററിലാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. സാങ്കേതിക കാരണങ്ങളാൽ വാട്ടർ അതോറിട്ടിയുടെ പദ്ധതി അനിശ്ചിതത്വത്തിലായത് ടാറിംഗിനും തടസമായി. റോഡിന്റെ സംരക്ഷണത്തിനായി പൈപ്പ് സ്ഥാപിച്ച ശേഷം ടാറിംഗ് നടത്തായിരുന്നു പൊതുമരാമത്ത് വകുപ്പ് നിർദേശം. എന്നാൽ നാലര വർഷമായിട്ടും പൈപ്പും വന്നില്ല ടാറിംഗും നടന്നില്ല. ഇതിനെതിരെ നാട്ടുകാർ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെ നിർമ്മാണക്കരാറിൽ നിന്നൊഴിവാകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് തീരുമാനമെടുക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കരാറുകാരനിൽ നിന്നും നഷ്ടം ഈടാക്കി കരാർ റദ്ദാൻ സർക്കാർ തീരുമാനിച്ചതിനെതിരെയാണ് കരാറുകാരൻ വീണ്ടും കോടതിയെ സമീപിച്ചത്. ഈ കേസിന്റെ തീർപ്പ് കാത്തിരിക്കുകയാണ് അധികാരികൾ.