കൊച്ചി: സംഗീത സാന്ദ്രമായി കൊച്ചി കോർപ്പറേഷൻ ബഡ്ജറ്റ് ചർച്ച. ചലച്ചിത്ര ഗാനങ്ങളും കവിതയും പാരഡിപാട്ടും കൈയടിയും ചർച്ചയ്ക്ക് കൊഴുപ്പേകി. വരുമാനത്തിനുള്ള വഴി കണ്ടെത്താതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച ബഡ്ജറ്റ് പരാജയമാണെന്ന് സ്ഥാപിക്കുന്നതിനായി വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം , തള്ളു തള്ളു തല്ലിപ്പൊളി വണ്ടി, തള്ളു തള്ള് പന്നാസ് വണ്ടി തുടങ്ങിയ ഗാനങ്ങൾ യു.ഡി.എഫ് കൗൺസിലർമാരായ ആന്റണി പൈനൂത്തറയും സുജ ലോനപ്പനും ആലപിച്ചപ്പോൾ ബഡ്ജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയർ കെ.എ.അൻസിയയെ കുറിച്ച് ഒരു പുഴയൊഴുകുന്നുണ്ടുള്ളിൽ , അതിമൗനം ഇടനെഞ്ചിൽ എന്ന കവിതയിലെ നാലു വരികൾ എൽ.ഡി.എഫ് കൗൺസിലർ പി.ആർ.രചന ചൊല്ലിയത് കൗതുകമായി.

 ഡിവിഷൻ ഫണ്ട് ഒരു കോടിയാക്കണമെന്ന്

യു.ഡി.എഫ്

അയതാർത്ഥമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 81 കോടിയുടെ വരവിൽ കവിഞ്ഞ ചെലവുള്ള ബഡ്ജറ്റ് ഉറപ്പില്ലാത്ത അടിത്തറയിൽ പണിത കെട്ടിടം പോലെയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ കുറ്റപ്പെടുത്തി. ഡിവിഷൻ ഫണ്ട് ഒരു കോടി രൂപയായി വർദ്ധിപ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. നിരാശാജനകവും, ആവർത്തന വിരസവുമായ ബഡ്ജറ്റ് നിർദ്ദേശങ്ങൾ കൊച്ചിയെ വികസന മുരടിപ്പിലേക്ക് തള്ളി വിടുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ,കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, വി.കെ. മിനിമോൾ , മിനി ദിലീപ്, എ.ആർ .പദ്മദാസ്, തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ഇരു മുന്നണികളെയും കുറ്റപ്പെടുത്തി ബി.ജെ.പി

75 ശതമാനം പദ്ധതികൾക്കും കേന്ദ്രസർക്കാരിനെ ആശ്രയിക്കുന്ന കോർപ്പറേഷന്റെ ബഡ്‌ജറ്റ് വെറും കടലാസ് കഷ്ണം മാത്രമാണെന്ന് ബി.ജെ.പി കൗൺസിലറും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ പ്രിയ പ്രശാന്ത് പറഞ്ഞു. പണി പൂർത്തിയാകാത്ത ആസ്ഥാനമന്ദിരം ഇരു മുന്നണികളുടെയും അഴിമതിക്ക് തെളിവാണെന്ന് അവർ കുറ്റപ്പെടുത്തി. പുതുമയില്ലാത്ത ബഡ്ജറ്റ് എന്നായിരുന്നു സുധ ദിലീപ് കുമാറിന്റെ അഭിപ്രായം. കഴിഞ്ഞകാല പദ്ധതികൾ പേരു മാറ്റി ഈ വർഷവും ആവർത്തിച്ചിരിക്കുകയാണ്. കൊച്ചിയെ കൊതുക് സൗഹാർദ്ദ നഗരമായി പ്രഖ്യാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

 സമസ്ത മേഖലകളെയും സ്പർശിക്കുന്ന

ബഡ്ജറ്റെന്ന് ഭരണപക്ഷം

സാമ്പത്തിക അച്ചടക്കത്തോടെ നാടിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസനത്തിനും ദുരിതമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന പദ്ധതികളും അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സൗഹൃദ കാഴ്ചപ്പാടും ഉൾക്കൊള്ളുന്ന ബഡ്ജറ്റ് ആണെന്ന് എൽ .ഡി .എഫ് കൗൺസിലർമാർ പറഞ്ഞു. കഴിഞ്ഞ പത്തു വർഷക്കാലത്തെ യു .ഡി. എഫ് ഭരണത്തിൽ ഒന്നും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അത്തരം പദ്ധതികൾ വീണ്ടും ആവർത്തിക്കേണ്ടിവന്നതെന്ന് അവർ പറഞ്ഞു. പി .ആർ. റെനീഷ്,സി .എ .ഷക്കീർ, സനിൽമോൻ, വി.എ.ശ്രീജിത്ത്,ഷീബ ലാൽ , ജോജി കുരീക്കോട് , കെ .കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു. ചർച്ച ഇന്നും തുടരും. കൗൺസിൽ യോഗത്തിൽ മേയർ എം .അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു