കൊച്ചി: കണ്ടെയ്‌നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിൽ മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്ത് നിവാസികളെ ടോൾ പിരിവിൽനിന്നും ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനമായി. ഹൈബി ഈഡൻ എം.പിയുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ് സുഹാസ് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
കണ്ടെയ്‌നർ ടെർമിനൽ റോഡിന് ഭൂമിയും ജീവനോപാധികളൂം വിട്ടുനൽകിയവരാണ് പ്രദേശവാസികൾ. ഇത് കണക്കിലെടുത്ത് മൂന്ന് പഞ്ചായത്തിലെ നിവാസികളെയും ടോളിൽനിന്ന് ഒഴിവാക്കിയിൂന്നു. ഏലൂർ നഗരസഭ നിവാസികളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയതോടെ ഇവർക്കും ടോൾ കൊടുക്കേണ്ട അവസ്ഥയായി.
ജനപ്രതിനിധികളൂടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ടോൾ പ്ലാസയിൽ വലിയ സമരം നടന്നിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിച്ച് ചേർക്കാൻ നിർദേശം നൽകിയത്.
മുളവുകാട്, ചേരാനല്ലൂർ, കടമക്കുടി പഞ്ചായത്തുകൾക്ക് ടോൾ നൽകേണ്ടെന്നാണ് തീരുമാനം. സൗജന്യ ഫാസ്റ്റ് ടാഗ് ലഭിക്കുന്നതിനുള്ള നടപടികൾ ഏലൂർ നഗരസഭയെക്കൂടി ഉൾപ്പെടുത്തി ആരംഭിക്കുവാൻ നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ എസ്. സുഹാസ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ. എമാരായ എസ്. ശർമ്മ, ടി.ജെ. വിനോദ്, എലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, മുളവുകാട് പഞ്ചയാത്ത് പ്രസിഡന്റ് വി.എസ്. അക്ബർ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, സമരസമിതി പ്രതിനിധി എം.എം. ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.