ആലുവ: ആലുവ നഗരത്തിൽ ആയുധങ്ങളുമായി മോഷ്ടാക്കൾ വിലസുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നഗരത്തിൽ വീണ്ടും നാല് വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം. റെയിൽവേ സ്‌റ്റേഷൻ റോഡിൽ പമ്പ് കവലയിലെ സി.എസ്.ഐ ആർക്കേഡിലെ മൂന്ന് കടകളിലും കാർമ്മൽ പള്ളിക്ക് സമീപത്തെ ഹോട്ടലിലുമാണ് കവർച്ച നടന്നത്.
ഇന്നലെ പുലർച്ചെ 12.15 ഓടെയാണ് മോഷണമെന്ന് വ്യക്തമാക്കുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. സി.എസ്.ഐ സെന്ററിലെ ലോട്ടറി കട, ഹോട്ടൽ ആനന്ദ്, ബുക്‌സ് സ്റ്റാൾ എന്നീ കടകളുടെ ഷട്ടറിന്റെ താഴ് തകർത്ത് കള്ളൻ അകത്തു കയറി. ആനന്ദ് ഹോട്ടലിൽ നിന്ന് 2000 രൂപ കവർന്നു. ബുക്‌സ് സ്റ്റാളിൽ നിന്ന് ആയിരം രൂപയും നഷ്ടമായി. ലോട്ടറിക്കടയുടെ ഷട്ടറിന്റെ താഴ് പൊളിച്ചെങ്കിലും സെൻട്രൽ ലോക്ക് സംവിധാനമുള്ളതിനാൽ അകത്ത് കയറാനായില്ല. കാർമ്മൽ പള്ളിക്ക് സമീപം തഹൂർ ഹോട്ടലിന്റെ പൂട്ട് തല്ലിപൊളിച്ച് അകത്തു കയറിയെങ്കിലും സമീപത്തെ മുറിയിൽ ഉറങ്ങിയിരുന്ന ജീവനക്കാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം നഗരത്തിലെ ചീരക്കട ക്ഷേത്രത്തിന് സമീപത്തെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്.