sajayan
സജയൻ മാധവൻ ജയലളിതയുടെ പ്രതിമയ്ക്കൊപ്പം

കൊച്ചി: തമിഴ്നാട് സർക്കാരിന്റെ മ്യൂസിയത്തിൽ സ്ഥാപിച്ച പുരട്ചി തലൈവി ജയലളിതയുടെ ജീവൻ തുടിക്കുന്ന ഈ പ്രതിമകൾക്ക് പിന്നിൽ ഒരു മലയാളിയാണ്. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി സജയൻ മാധവൻ എന്ന നാല്പതുകാരൻ. അഞ്ച് മാസത്തെ പ്രയത്നത്തിനൊടുവിലാണ് 167 സെന്റീമീറ്റർ ഉയരത്തിലുള്ള പ്രതിമകൾ പൂർത്തിയാക്കിയത്. ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന ഹൈപ്പർ റിയലസ്റ്റിക് സിലിക്കോൺ സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു നിർമ്മാണം.സിലിക്കോൺ റബർ, ​റെസിൻ എന്നിവ ചേർത്താണ് ശരീരം നിർമ്മിച്ചത്. യഥാർത്ഥ മുടിയാണ് തലയിൽ ഉപയോഗിച്ചിരിക്കുന്നത്. പൂച്ചാക്കലിലെ വീട്ടിൽ വച്ച് നിർമ്മിച്ച പ്രതിമകൾ കഴിഞ്ഞ ദിവസം ചെന്നൈ കാമരാജ്ശാലൈയിലെ അമ്മ മെമ്മോറിയൽ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി

ഇന്ന് നടക്കുന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മ്യൂസിയം പൊതുജനങ്ങൾക്ക് സമർപ്പിക്കും. തമിഴ്നാട് സർക്കാരിന്റെ പ്രത്യേക നിർദ്ദേശമുള്ളതിനാൽ പ്രതിമയുടെ വില വെളിപ്പെടുത്താനാവില്ലെന്ന് സജയൻ പറയുന്നു.

മനുഷ്യന്റെ ത്വക്കിനോട് ഏറെ സാമ്യമുള്ളതിലാണ് നിർമ്മാണത്തിന് സിലിക്കോൺ റബർ ഉപയോഗിക്കുന്നത്. എസ്. ഷങ്കർ സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ രജ്നികാന്തിന്റെ യന്തിരൻ 2.0 എന്ന ചിത്രത്തിലെ പക്ഷികളെ നിർമ്മിച്ചത് സജയനാണ്. വിജയുടെ മെർസൽ എന്ന ചിത്രത്തിനുവേണ്ടിയും ആർട്ട് വർക്കുകൾ ചെയ്തിട്ടുണ്ട്. ചിത്രകലയിലും ശില്പ നിർമ്മാണത്തിലും കുട്ടിക്കാലം മുതലേ താത്പര്യമുണ്ടായിരുന്നു. ബംഗുളൂരുവിലെ കാനറ ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്ടിസാൻസിൽ നിന്ന് ഡിപ്ളോമ നേടിയിട്ടുണ്ട്. ജുറാസിക് പാർക്ക് എന്ന ഹോളീവുഡ് ചിത്രത്തിലെ ആർട്ട് വിഭാഗം തലവനായ സ്റ്റാൻ വിൻസൺ നടത്തുന്ന ഓൺലൈൻ കോഴ്സും പഠിച്ചിട്ടുണ്ട്. കാരക്കുടിയിലെ ഫൈൻ ആർട്സ് കോളേജിൽ ഫാക്കൽറ്റിയായും ജോലി നോക്കിയിട്ടുണ്ട്. കോട്ടയം സ്വദേശി സുകന്യയാണ് ഭാര്യ.

അനിമട്രോണിക്സ് വിദഗ്ദ്ധൻ

മലയാള സിനിമ ഇതുവരെ പ്രയോജനപ്പെടുത്താത്ത അനിമട്രോണിക്സ് സാങ്കേതിക വിദ്യയിലും വിദഗ്ദ്ധനാണ് സജയൻ. മൃഗങ്ങളുടേയോ പക്ഷികളുടേയോ രൂപങ്ങളുണ്ടാക്കി അവ ചലിപ്പിച്ച് ഷൂട്ട് ചെയ്യിക്കുന്ന രീതിയാണ് അനിമട്രോണിക്സ്. ജുറാസിക് പാർക്കിൽ ഉപയോഗിച്ചിരിക്കുന്നത് ഈ രീതിയാണ്. കാണുന്നവർക്ക് യഥാർത്ഥ രൂപമാണെന്ന് തോന്നും.