
ആലുവ: ഈ വേനൽകാലത്ത് ലോകംമുഴുവൻ വ്യാപിക്കാനൊരുങ്ങി 'ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി'. വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് വീഴുന്ന പക്ഷികൾക്ക് കൈത്താങ്ങായി ശ്രീമൻ നാരായണൻ ആവിഷ്കരിച്ച പദ്ധതിയാണിത്. മഹാരാഷ്ട്രയിലെ വാർദ്ധയിൽ ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമം വഴിയാണ് ലോകരാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതെന്ന് ശ്രീമൻ നാരായണൻ 'കേരളകൗമുദി'യോട് പറഞ്ഞു.
ഗാന്ധിജി ഇന്ത്യയുടെ മുഖമാണ്. ലോകരാജ്യങ്ങളിലെ ഭരണാധികാരികളും വ്യവസായികളും കലാകാരന്മാരും സാഹിത്യകാരന്മാരും തത്വചിന്തകരുമെല്ലാം ഇന്ത്യയിലെത്തിയാൽ സേവാഗ്രം സന്ദർശിക്കും. ഈ സാഹചര്യത്തിലാണ് ആശ്രമത്തിൽ മൺപാത്രം എത്തിക്കുന്നത്. വേനൽച്ചൂടിൽ ഒരിറ്റ് വെള്ളംലഭിക്കാതെ പക്ഷികൾ തളർന്ന് വീണു ചാകുന്നതിനു പരിഹാരമായാണ് കുടിവെള്ളം സംഭരിച്ച് വയ്ക്കാനുള്ള മൺപാത്രങ്ങൾ ശ്രീമൻ നാരായണൻ സൗജന്യമായി വിതരണം ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ വർഷം സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിലെ ഒരു ലക്ഷം വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ച് പദ്ധതി കേരളം മുഴുവൻ വ്യാപിപ്പിച്ചിരുന്നു. ദശലക്ഷക്കണക്കിന് പക്ഷികളാണ് ജീവജലം പദ്ധതിയിലൂടെ ഓരോവർഷവും ജീവിതം തിരികെപിടിക്കുന്നത്.
സോവാഗ്രാം ആശ്രമം സന്ദർശിക്കുന്ന സ്വദേശീയരും വിദേശീയരുമായ അതിഥികൾക്ക് ഗാന്ധി സന്ദേശം അടങ്ങിയ സ്റ്റിക്കർ പതിച്ച ഓരോ മൺപാത്രം സൗജന്യമായി നൽകും. മറ്റു രാജ്യങ്ങളിലും ഇതുപോലുള്ള സംരംഭങ്ങൾ ആരംഭിക്കാൻ സന്ദർശകർക്ക് പ്രചോദനമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അടുത്തമാസം മുതൽ 2022 മാർച്ച് വരെ സേവാഗ്രാമിൽ നിന്നു പാത്രങ്ങൾ വിതരണം ചെയ്യും. ആലുവ കീഴ്മാട് ഖാദിഗ്രാമ വ്യവസായ സഹകരണ സംഘത്തിൽ ആവശ്യമായ മൺപാത്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
പക്ഷികൾക്ക് കുടിവെള്ളം ശേഖരിക്കുന്നതിന് മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ലോകത്ത് ആദ്യമായി നടപ്പാക്കിയ ശ്രീമൻ നാരായണന് തായ്‌വാനിലെ ദി സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർ നാഷണൽ അസോസിയേഷൻ മൂന്നു വർഷം മുമ്പ് 'ദി വേൾഡ് കംപാഷൻ' അവാർഡ് നല്കി ആദരിച്ചിരുന്നു. അന്നു ലഭിച്ച അവാർഡു തുക 7.20 ലക്ഷം രൂപയാണ് സേവാഗ്രാം വഴിയുള്ള പാത്രവിതരണത്തിനായി ഉപയോഗിക്കുന്നതെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു.