ആലുവ: കീഴ്മാട്, എടത്തല, ചൂർണിക്കര ഗ്രാമപഞ്ചായത്തുകളുടെ സംഗമഭൂമിയാണ് ആലുവ - മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവല. ഈ കവലക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമീപകാലത്തായി ഏറ്റവും അധികം കൈയ്യേറ്റം എവിടെയെന്ന് ചോദിച്ചാൽ പൊതുമരാമത്തിന് പറയാനുള്ള മറുപടിയും കൊച്ചിൻബാങ്ക് കവലയെന്നായിരിക്കും.
ഇവിടത്തെ ഗതാഗതകുരുക്കഴിക്കാൻ കൈയ്യേറ്റം ഒഴിപ്പിച്ചാൽ മാത്രം മതി. നിത്യേനയെന്നോണം കൈയ്യേറ്റം വ്യാപിച്ചിട്ടും അധികൃതർ കണ്ണടച്ചിരിപ്പാണ്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും മൗനം പാലിക്കുന്നു. അസംഘടിതരായ നാട്ടുകാർ ഇതെല്ലാം കണ്ട് തലയിൽ കൈവച്ചിരിക്കുകയാണ്. ആലുവ - പെരുമ്പാവൂർ പാതയിൽ ഇടതുവശമാണ് കീഴ്മാട് ഗ്രാമപഞ്ചായത്ത് അതിർത്തി. കൊച്ചിൻ ബാങ്ക് കവലയിൽ നിന്നും കളമശേരിയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശം എടത്തലയും വലത് ചൂർണിക്കരയുമാണ്. പ്രധാന റോഡിൽ കാർമ്മൽ മുതൽ ചൂണ്ടിവരെ വ്യാപകമായ കൈയ്യേറ്റമാണ്. അതിർത്തിയോട് ചേർന്ന് തന്നെ കെട്ടിടം നിർമ്മിക്കും. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നിൽക്കാനെന്ന പേരിൽ താത്കാലികമായി ഷെഡും ഒരുക്കും. കുറച്ചുകാലം കഴിഞ്ഞാൽ ഷെഡ് സ്ഥിരം സംവിധാനമായിട്ടുണ്ടാകും. ഇത്തരത്തിൽ മാത്രം നിരവധി കൈയ്യേറ്റമുണ്ട്.
ഈ ഭാഗത്തെ അപൂർവം കെട്ടിടങ്ങൾ മാത്രമാണ് കെട്ടിട നിർമ്മാണ ചട്ടം പാലിച്ച് നിർമ്മിച്ചത്. ബാക്കിയെല്ലാം റോഡരികിൽ തന്നെയാണ്. ഇവിടെ അടുത്ത കാലത്ത് അനധികൃതമായി നിർമ്മിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസും പാർട്ടി അനുഭാവിയായ കച്ചവടക്കാരൻ കൈയ്യേറി. പാർട്ടി ഓഫീസിന് മുമ്പിൽ വരെ ഷീറ്റ് കെട്ടി കച്ചവടം നടത്തുകയാണ്. ഇവിടെ ഒരു വാഹനം നിർത്തിയാൽ ഗതാഗതകുരുക്ക് രൂപപ്പെടും. കൊച്ചിൻ ബാങ്ക് കവല ബസ് കാത്തുനിൽക്കുന്നവർക്ക് നേരത്തെ ആവശ്യത്തിനേറെ സൗകര്യമുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ കൈകളിലായി.
നടപടിയെടുക്കാതെ അധികാരികൾ
കൈയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നാട്ടുകാർ പലവട്ടം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. കുറച്ചുകാലം മുമ്പ് കൈയ്യേറ്റക്കാർക്കെല്ലാം നോട്ടീസ് നൽകിയെങ്കിലും പിന്നീട് അനങ്ങിയില്ല. പകൽ സമയം മുഴുവൻ ഇവിടെ ഗതാഗതകുരുക്കാണ്. ഇതിനിടയിലാണ് കൊച്ചിൻ ബാങ്ക് കവലയിൽ അശാസ്ത്രീയമായി കട്ട വിരിച്ച് അധികൃതർ അപകടക്കെണിയൊരുക്കിയതും. ഇവിടെ അടുത്തിടെ നിരവധി അപകടങ്ങളുണ്ടായി. എന്നിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.