കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 2021- 22 വർഷത്തെ ബഡ്ജറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി. ഡിവിഷൻതലത്തിൽ നടത്താവുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള തുകയിൽ വൻ വർദ്ധന വരുത്തി. ഒരു കോടി രൂപവരെയുള്ള പ്രവൃത്തികൾക്ക് അനുവാദം നൽകും. എന്നാൽ ടെൻഡർ നൽകുന്നതിന് മുൻപായി മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം തേടണം. ഇത്തരത്തിൽ അനുമതി നൽകുന്ന പ്രവൃത്തികൾ മാത്രം അനുവദിച്ചാൽ മതിയെന്നും കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 50 ലക്ഷം രൂപയാണ് ഡിവിഷൻ ഫണ്ടായി നൽകിയിരുന്നത്. പിന്നീട് 40 ലക്ഷമായി വെട്ടിക്കുറച്ചിരുന്നു.
വസ്തു നികുതി ഗഡുക്കളായി അടയ്ക്കാം
2016 മുതൽ വസ്തുനികുതിയിൽ കുടിശിക വരുത്തിയിട്ടുള്ളവർക്ക് നാലു ഗഡുക്കളായി തുക അടയ്ക്കാം.കൊവിഡ് പശ്ചാത്തലത്തിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ്. ഇപ്പോൾ അടയ്ക്കുന്ന തുകയ്ക്ക് പിഴ പലിശയും ഒഴിവാക്കും. ഡി ആൻഡ് ഒ ലൈസൻസ് ലഭിക്കുന്നതിനും നിയമം ബാധകമായിരിക്കും.
ഭവനനിർമ്മാണത്തിന് ജി.സി.ഡി.എ സ്ഥലം നൽകും
നഗരസഭാ പ്രദേശത്ത് താമസിക്കുന്ന ഭൂരഹിതർക്ക് വീടു നിർമ്മിക്കുന്നതിനായി കോർപ്പറേഷന് രണ്ട് ഏക്കർ ഭൂമി നൽകാമെന്ന് ജി.സി.ഡി.എ ഉറപ്പ് നൽകിയിരുന്നു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജി.സി.ഡി.എയുടെ അധീനതയിലുള്ള സ്ഥലം വാങ്ങുന്നതിനായി കോർപ്പറേഷൻ നേരത്തെ തന്നെ തുക നൽകിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ കൈമാറ്റം നടന്നില്ല. പഴയ അതേ വിലയ്ക്ക് ഭൂമി നൽകാമെന്ന് ജി.സി.ഡി.എ സമ്മതം അറിയിച്ചിട്ടുണ്ട്. ഇവിടെ ഭൂരഹിതർക്കായി ഫ്ളാറ്റുകൾ നിർമ്മിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ഇന്ന് ജി.സി.ഡി.എ ചെയർമാനുമായി ചർച്ച നടത്തുമെന്ന് മേയർ അറിയിച്ചു. മംഗളവനത്തോട് ചേർന്നുള്ള റവന്യൂ ഭൂമിയും വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഒഴിഞ്ഞ സ്ഥലങ്ങളും ലൈഫ് പദ്ധതിക്കായി ലഭിക്കാനുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.
റോ റോ നടത്തിപ്പ്
ഫോർട്ടുകൊച്ചി റോ റോ സർവീസ് നടത്തിപ്പുകാരായ കെ.എസ്.ഐ.എൻ.സി റോ റോ സർവീസിന്റെ ലാഭ വിഹിതം കോർപ്പറേഷന് നൽകാറില്ല.അതേസമയം റോ റോ അറ്റകുറ്റപ്പണി നടത്തിയ വകയിൽ കൊച്ചിൻ ഷിപ് യാർഡിന് ഒന്നേ കാൽ കോടി രൂപ നൽകാനുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഐ.എൻ.സി എം .ഡി യുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും യാതൊരു പ്രതികരണവുമില്ല. അതിനാൽ നിയമ വിഭാഗവുമായി കൂടിയാലോചിച്ച് കെ.എസ്.ഐ.എൻ.സിക്ക് കത്ത് നൽകും.
മറ്റു തീരുമാനങ്ങൾ
കരാറുകാർക്ക് 10 കോടി
ഫോർട്ടുകൊച്ചിയിലെ കൊക്കേഴ്‌സ് തിയേറ്ററിന്റെ വികസനത്തിനായി 50 ലക്ഷം രൂപ
ഫോർട്ടുകൊച്ചി ബീച്ചിന്റെ വികസനത്തിനായി 1 കോടി രൂപ