
കൊച്ചി : ലഹരി ഹബ്ബെന്ന കൊച്ചിയുടെ ചീത്തപ്പേര് മാറ്റിയെടുക്കാൻ കച്ചകെട്ടി ഇറങ്ങിയ എക്സൈസ് ഒരു ചുവടുകൂടി മുന്നോട്ട് വയ്ക്കുന്നു. ഇത്തവണ ജില്ലാ അതിർത്തികളെ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം. തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ അതിർത്തികളിൽ പരിശോധനയ്ക്ക് എക്സൈസ് പ്രത്യേക ഫോഴ്സിനെ നിയോഗിച്ചു. ഒരു സി.ഐയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ടീമിലുള്ളത്. വിവിധ ഇടങ്ങളിൽ ഇവർ പരിശോധന നടത്തും. ഓരോ ദിവസവും ഒരോ സ്റ്റേഷനുകൾക്കാണ് ചുമതല. പരിശോധന നിയമസഭ തിരിഞ്ഞെടുപ്പ് വരെ പരിശോധന തുടരും.
ഗോഡൗണുകളും വിടില്ല
ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്ന ഗോഡൗണുകളിലും ഒറ്റപ്പെട്ട് പൂട്ടിക്കിടക്കുന്ന വീടുകളിലും പരിശോധന നടത്താൻ എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച ലഹരി ഉത്പന്നങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ സൂക്ഷിക്കാൻ ഇടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായ രണ്ടംഗ സംഘം വാടക വീടെടുത്തായിരുന്നു ലഹരി ഇടപാട് നടത്തിയിരുന്നത്. സമാനമായ കേസുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ട് ലോഡ് ലഹരി
പരിശോധന ആരംഭിച്ച് നാല് ദിവസം പിന്നിടുമ്പോൾ 50 ലക്ഷത്തിലധികം രൂപയുടെ ലഹരി ഉത്പന്നങ്ങളാണ് എക്സൈസും പൊലീസും ചേന്ന് പിടികൂടിയത്. 50 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പെരുമ്പാവൂരിൽ നിന്ന് മാത്രം പിടിച്ചെടുത്തതാണ്. രണ്ട് ലോഡ് വരുമിത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് എക്സൈസ് തീരുമാനം.
കടുപ്പിച്ചു
പരിശോധന വദ്ധിപ്പിച്ചിട്ടുണ്ട്. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി ലഹരി ഒഴുക്കിന് തടയിടുകയാണ് ലക്ഷ്യം.
എ.ടി അശോക് കുമാർ
ഡെപ്യൂ.കമ്മിഷണർ
എക്സൈസ്, കൊച്ചി