കോലഞ്ചേരി: ടിവിയേയും മൊബൈൽഫോണിനേയും ആശ്രയിച്ച് പഠനപ്രവർത്തനങ്ങൾ നടത്തുന്ന കുട്ടികൾക്ക് വീട്ടിലിരുന്ന് ശാസ്ത്രപരീക്ഷണങ്ങളും ഗണിതകളികളും ചരിത്രപഠനവും ആസ്വദിക്കാൻ കോലഞ്ചേരി ബി.ആർ.സി ലാബ് @ ഹോം പദ്ധതി തുടങ്ങി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടേയും വീടുകളിൽ ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര ലാബുകൾ സജ്ജമാക്കും. കോലഞ്ചേരി ഉപജില്ലയിലെ പദ്ധതി പു​റ്റുമാനൂർ ഗവ. യു പി സ്‌കൂളിൽ പുത്തൻകുരിശ് പഞ്ചായത്തംഗം ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേ​റ്റർ ടി. രമാഭായ്, കെ.എസ്. മേരി, ജെ.എസ്. ജയശ്രീ, കെ.വി.റെനി, ലിസി വർഗീസ്, പി.എൻ. രമാദേവി എന്നിവർ നേതൃത്വം നൽകി.