
കൊച്ചി : ആർ.എസ്.എസ് നേതാവായിരുന്ന കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി തലശേരി കിഴക്കേ കതിരൂർ സ്വദേശി വിക്രമനുൾപ്പെടെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ ആറു വർഷമായി തടവിലാണെന്നും വിചാരണ ഇനിയും നീളുമെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ജാമ്യം നൽകിയത്.
രണ്ടാം പ്രതി ജിജേഷ്, നാലു മുതൽ പത്തു വരെ പ്രതികളായ ടി. പ്രഭാകരൻ, ഷിബിൻ, പി. സുജിത്ത്, വിനോദ്, റിജു, സിനിൽ, ബിജേഷ് , 13 മുതൽ 17 വരെ പ്രതികളായ വിജേഷ്, ജോർജ്ജുകുട്ടിയെന്ന വിജേഷ്, മനോജ്, ഷാബിത്ത്, നിജിത്ത്, 19 -ാം പ്രതി പി.പി. റഹീം എന്നിവർക്കാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. വിചാരണ കഴിയുംവരെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകരുത് എന്നീ വ്യവസ്ഥകളും നിഷ്കർഷിച്ചിട്ടുണ്ട്.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്ന മനോജിനെ
2014 സെപ്തംബർ ഒന്നിനാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജയരാജനടക്കം 25 പ്രതികളുള്ള കേസിൽ ആറുപേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. ജാമ്യം നൽകുന്നതിനെ സി.ബി.ഐ എതിർത്തിരുന്നു. 49 -ാം സാക്ഷിക്കു നേരെ വധശ്രമമുണ്ടായെന്നും ജാമ്യം നൽകുന്നത് സാക്ഷികൾക്ക് ഭീഷണിയാണെന്നും സി.ബി.ഐ വാദിച്ചു.