
കൊച്ചി : കാത്തിരിപ്പിന് വിരാമം. മലയാളത്തിലെ ആദ്യ ജ്ഞാനപീഠജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പിന് സ്മാരകം ഉയരുന്നു. അങ്കമാലിയിൽ ജനിച്ച കവിയുടെ സാഹിത്യജീവിതത്തിനും അദ്ധ്യാപനത്തിനും അധികഭാഗവും ചെലവഴിച്ച കൊച്ചിയിലാണ് സ്മാരകം ഒരുങ്ങുക. പ്രാരംഭ പ്രവർത്തനങ്ങൾക്കായി കോർപ്പറേഷൻ ബഡ്‌ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി. സാംസ്‌കാരിക സമുച്ചയത്തിന്റെ രൂപരേഖ തയ്യാറാക്കാൻ ഗോപകുമാർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തി. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാവുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു.
സൂര്യകാന്തി തല്ലിക്കൊഴിച്ചു
2003 ൽ സി.എം. ദിനേശ്‌മണി മേയറായിരിക്കുമ്പോഴാണ് ജി. സ്മാരക ചർച്ചയ്ക്ക് തുടക്കം. സംസ്ഥാന സർക്കാർ ഒരേക്കർ റവന്യൂ പുറമ്പോക്ക് ഭൂമി അനുവദിച്ചെങ്കിലും സ്ഥലം എവിടെയാണെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നു. 2010 ൽ യു.ഡി.എഫ് കോർപ്പറേഷൻ ഭരണത്തിലെത്തി. മഹാകവി ജിയുടെ പേരക്കുട്ടിയായ ബി. ഭദ്ര ഡെപ്യൂട്ടി മേയറായി. സൂര്യകാന്തി വിരിയുമെന്ന ആഹ്ളാദത്തോടെ ആദ്യ ബഡ്‌ജറ്റിൽ സ്മാരകത്തെ കുറിച്ച് പ്രഖ്യാപനമുണ്ടായെങ്കിലും ഒന്നും നടന്നില്ല. കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ഭദ്ര പിന്നീട് രാഷ്‌ട്രീയം ഉപേക്ഷിച്ചു. തുടർന്നു വന്ന യു.ഡി.എഫ് ഭരണ സമിതിയും ജി സ്‌മാരകത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി കടമ തീർത്തു.
സ്ഥലം കണ്ടെത്തി
2017 ഏപ്രിൽ 25 ന് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഹൈക്കോടതിക്ക് സമീപം ഗോശ്രീ പാലത്തിനടുത്ത് 25 സെന്റ് ഭൂമി സ്മാരകത്തിന് അനുവദിച്ചു. കോർപ്പറേഷന്റെ ഭാഗത്തുനിന്നും തുടർനടപടികൾ ഉണ്ടായില്ല. പദ്ധതിക്ക് പാരവയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. സ്മാരക സ്ഥലം ഉൾപ്പെടെ ചുരുക്കം ചില പ്രദേശങ്ങൾ ബഫർ സോണായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെന്ന അറിയിപ്പ് കഴിഞ്ഞ ഒക്‌ടോബറിൽ ലഭിച്ചിട്ടും കോൺഗ്രസുകാരനായിരുന്ന മഹാകവിയ്ക്ക് വേണ്ടി ചെറുവിരൽ അനക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികളും കോർപ്പറേഷൻ ഭരണക്കാരും തയ്യാറായില്ല.
വഴി തെളിഞ്ഞു
ഭരണമേറ്റതിന് പിന്നാലെ മേയർ എം. അനിൽകുമാർ നടത്തിയ ഇടപെടലിനെത്തുടർന്ന് സ്മാരക നിർമാണത്തിന് അനുവദിച്ച സ്ഥലത്തേക്കുള്ള വഴിപ്രശ്നത്തിന് പരിഹാരമായി. ജി.സി.ഡി.എ ചെയർമാൻ വി. സലിമുമായി മേയർ നടത്തിയ ചർച്ചകളാണ് വഴിതുറന്നത്. ജി.സി.ഡി.എ സ്ഥലം വിട്ടുനൽകാതെ ഇവിടേക്ക് കടക്കാൻ സാദ്ധ്യമായിരുന്നില്ല. സ്ഥലം നൽകാമെന്ന് സലിം സമ്മതിച്ചതോടെ പ്രശ്നം പരിഹരിച്ചു. മംഗളവനവും ഭൂമിയുടെ സന്തുലിതാവസ്ഥയും സംരക്ഷിച്ചുമുള്ള നിർമ്മാണമാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്രഉത്തരവിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നതിന് തടസമില്ലെന്നും മേയർ പറഞ്ഞു.