ആലുവ: നിർദ്ദനരും ഭവനരഹിതരുമായ വിധവകൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ 'അമ്മക്കിളിക്കൂട്' ഭവന പദ്ധതിയിൽപ്പെടുത്തി എടയപ്പുറം സ്വദേശിനി ആബിദ ഹാരീസിനായി നിർമ്മിച്ച 40 -ാമത് വീടിന്റെ താക്കോൽദാനം സ്പോൺസറും നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാനും എം.ഡിയുമായ ജഹാംഗീർ കൈമാറി.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി നെസ്റ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ അൽതാഫ് ജഹാംഗീർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി സെബാസ്റ്റ്യൻ, പഞ്ചായത്ത് മെമ്പർമാരായ സാഹിദ അബ്ദൂൾ സലാം,സിമി അഷ്‌റഫ്, തോപ്പിൽ അബു, പി.എ. മെഹബൂബ്, വിനുപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ പൂർത്തിയായ 39 ഭവനങ്ങൾ കൈമാറുകയും മറ്റു ഒമ്പത് ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയുമാണ്. ഈ ഭവനങ്ങൾ 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് നിർമ്മിക്കുന്നുത്.