exam

കൊച്ചി: ഓൺലൈനിലൂടെ പഠിച്ച് പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ സി.ബി.എസ്.ഇ പരീക്ഷ എഴുതാൻ പിരിമുറുക്കത്തോടെ കാത്തിരിക്കുന്നവർ വിഷമിക്കേണ്ട. സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയദൂരീകരണത്തിനും മാനസിക സംഘർഷലഘൂകരണത്തിനും കൗൺസിൽ ഒഫ് സി.ബി.എസ് ഇ സ്‌കൂൾസ് കേരളയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ളാസുകൾ ആരംഭിക്കുക്കുന്നു

പ്രയുക്തി പരീക്ഷാ സംവാദ പരമ്പരയിൽ സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ഈമാസം 26 ന് വൈകിട്ട് 5 ന് ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ ബോധനരീതിയിലുണ്ടായ മാറ്റം മൂലം ബോർഡ് പരീക്ഷയിൽ വിദ്യാർത്ഥികളിലുണ്ടാകുന്ന ഉത്കണ്ഠ പരിഹരിച്ച് ആത്മവിശ്വാസവും മനോധൈര്യവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സി.ബി.എസ്.ഇ ബോർഡിന്റെ സഹകരണത്തോടെയാണ് പദ്ധതിയെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു. വിദ്യാർത്ഥികളുടെ സംശയങ്ങൾ പരിഹരിക്കുക, സിലബസുമായി ബന്ധപ്പെട്ട സംശയങ്ങൾ നീക്കുക, ഏകോപനം നിർവഹിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് ഇന്ദിര രാജൻ പറഞ്ഞു.

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് സംശയങ്ങൾ സി.ബി.എസ്.ഇ അധികൃതരുമായി ചർച്ച ചെയ്യാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. ചോദ്യങ്ങൾ സ്‌കൂൾ അധികൃതർ വഴി ഈമാസം 25ന് രാവിലെ 11 നകം ലഭിക്കണമെന്ന് കൗൺസിൽ കേരള ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത് അറിയിച്ചു