
കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണക്കോടതി വിധി പറയുന്നത് മാറ്റി. കോടതി ജീവനക്കാരിക്ക് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. എട്ടാം പ്രതിയായ നടൻ ദിലീപ് സാക്ഷികളെ സ്വാധീനിച്ചു മൊഴി മാറ്റുകയാണെന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകിയത്. മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ യുടെ ഒാഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ് കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദിലീപിനു വേണ്ടിയാണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന നിലപാടാണ് പ്രോസിക്യൂഷന്.