കൊച്ചി: ചളിക്കവട്ടത്ത് വീടിന് തീപിടിച്ച് മുകളിലെ ഒരു മുറി പൂർണമായും കത്തിനശിച്ചു. ബ്രസീലിൽ താമസിക്കുന്ന പി.സി ക്രോസ് റോഡിൽ പാറോടത്ത് സീക്കോയുടെ വീടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. മുകളിലത്തെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടറിൽ നിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. ഗൃഹോപകരണങ്ങളെല്ലാം അഗ്നിക്കിരയായി. ഇവിടെ ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കുകായായിരുന്നു. നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വീട്ടിൽ സീക്കോയുടെ അമ്മയും വീട്ടുജോലിക്കാരിയും മാത്രമാണ് ഉണ്ടായിരുന്നത്.
ഗാന്ധിനഗർ ഫയർ ഫോഴ്സ് യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ ബാബുവിന്റെ നേതൃത്വത്തിൽ എച്ച് .സതീശൻ, സുചീന്ദ്രൻ, ലിബിൻ ദാസ്, ഷെബിൻ മോൻ,ബിനോയ്, വിനീത്, നിഷാന്ത് എന്നിവർ ചേന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.